ജീവിതവിജയം കൈവരിക്കാന്‍ എന്തുചെയ്യണമെന്നായിരുന്നു അവര്‍ക്കാദ്യം അറിയേണ്ടിയിരുന്നത്. തന്റെ പൂര്‍വ കലാലയമായ ഖരഗ്പൂര്‍ ഐഐടിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തിയ ഇന്ത്യന്‍ വംശജനും ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ സുന്ദര്‍ പിച്ചെയോടായിരുന്നു ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ ചോദ്യം.
‘പിരിമുറുക്കം ഒഴിവാക്കുക, ജീവിതം ആസ്വദിക്കുക’ എന്നതായിരുന്നു സുന്ദര്‍ പിച്ചൈ അതിന് നല്കിയ മറുപടി. 3500ലേറെ വരുന്ന ഐഐടി വിദ്യാര്‍ഥികളോടൊപ്പം പിച്ചെ ഓപ്പണ്‍ തിയറ്ററില്‍ നടത്തിയ സംവാദം യൂട്യൂബിലൂടെ ലൈവ് ആയി ഗൂഗിള്‍ സംപ്രേഷണം ചെയ്തിരുന്നു.
ചെന്നൈയിലെ ചെറിയ രണ്ടുമുറി വീട്ടില്‍ നിന്ന് ഗൂഗിളിന്റെ തലപ്പത്തേക്കുയര്‍ന്ന പിച്ചൈയെപ്പോലെ എങ്ങനെ ജീവിതത്തില്‍ ഉന്നത വിജയം കൈവരിക്കാം? വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിന് ഒപ്പംതന്നെ എങ്ങനെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാകും? ഇവയായിരുന്നു വിദ്യാര്‍ഥികളുടെ മറ്റു പ്രധാന ചോദ്യങ്ങള്‍.
ജീവിത വിജയം കൈവരിക്കുന്നതിനു മികച്ച രീതിയില്‍ പഠിക്കേണ്ടതുണ്ട്. എന്നാല്‍ പഠനം മാത്രമല്ല പ്രധാനം. ഓരോരുത്തരും അവരവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതതാല്പര്യങ്ങളും പിന്തുടരണം. കൂടാതെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാവുകയും ചെയ്യണം. പിച്ചെ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
കോളജില്‍ മെറ്റലര്‍ജി എന്‍ജിനിയറിംഗിന് പഠിക്കുന്ന സമയത്ത് താനും ഒട്ടുമിക്ക വിദ്യാര്‍ത്ഥികളേയും പോലെ കൂടുതല്‍ സമയം ഉറക്കത്തിനായി ചെലവഴിച്ചിട്ടുണ്ട്. ക്ലാസില്‍ ഇരുന്ന് ഉറങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഠിനാദ്ധ്വാനം ചെയ്യുന്ന സമയങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ വിനോദത്തിനും സമയം കണ്ടെത്തിയിരുന്നു.
ഡിജിറ്റല്‍ ലോകത്തില്‍ ഉയരങ്ങള്‍ താണ്ടാന്‍ ഇന്ത്യയ്ക്ക് തീര്‍ച്ചയായും സാധിക്കുമെന്നും പിച്ചെ സൂചിപ്പിച്ചു. ഭാര്യ അഞ്ജലിയുമായുള്ള പ്രണയകാലത്തെ അനുഭവങ്ങളെക്കുറിച്ചും പിച്ചെ വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതിരുന്ന കാലത്തെ പ്രണയം വളരെ പ്രയാസം നിറഞ്ഞതായിരുന്നെന്ന് തമാശ രൂപേണ പിച്ചെ പറഞ്ഞു.
ഗൂഗിളില്‍ നടന്ന ഇന്റര്‍വ്യൂവിനെക്കുറിച്ചും വിശദീകരിച്ച പിച്ചെ, നാല് ഇന്റര്‍വ്യൂവിലും ജീമെയിലിനെക്കുറിച്ചുള്ള ചോദ്യത്തിന് അറിയില്ലെന്ന ഉത്തരമാണു നല്‍കിയതെന്നു വെളിപ്പെടുത്തി. നാലാമത്തെ ഇന്റര്‍വ്യൂവിനു ശേഷമാണ് ജീമെയില് കാണുന്നതെന്നും അതുകൊണ്ട് അഞ്ചാം റൗണ്ടില്‍ ഉത്തരം നല്കാന് സാധിച്ചു. ഗൂഗിള്‍ ജീമെയില് ആരംഭിച്ച് അധികമാകും മുന്‍പ് 2004 ഏപ്രില്‍ ഒന്നിന് വിഡ്ഢിദിനത്തിലായിരുന്നു ആദ്യ ഇന്റര്‍വ്യൂ. ആദ്യകാലത്ത് ഇന്റര്‍നെറ്റിലൂടെ മാത്രമേ ജീമെയില് ലഭ്യമായിരുന്നുള്ളു. അതിനാല്‍ ഇത് ഒരു ഏപ്രില്‍ ഫൂള്‍ ആണെന്നു ചിന്തിച്ചിരുന്നു.
വിനോദ സമയങ്ങള്‍ കുട്ടികളോടും കുടുംബത്തോടുമൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന പിച്ചൈ സച്ചിന്റെ ബാറ്റിംഗ് ഏറെ ഇഷ്ടപ്പെടുന്നു. ഫുട്ബോള്‍, ക്രിക്കറ്റ് കളികള്‍ ടിവിയില്‍ കാണാറുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി ആണ് ആരാധ്യപുരുഷന്. ഡിജിറ്റല്‍ ലോകത്ത് ഇന്ത്യയ്ക്ക് രാജ്യാന്തര തലത്തില്‍ സ്വന്തമായൊരു മേല്‍വിലാസം നല്കിയ വ്യക്തിയെന്ന നിലയിലാണ് നാരായണ മൂര്‍ത്തിയെ മാതൃകയാക്കുന്നത്. ദീപിക പാദുക്കോണ്‍ ആണ് ഇഷ്ടനടി.
1993ല്‍ ഖാരഗ്പുര്‍ ഐഐടിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ പിച്ചൈ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി, യുഎസിലെ വാര്‍ട്ടണ്‍ സ്കൂള്‍ ഒഫ് ബിസിനസ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടി. 2004ല്‍ ഗൂഗിളില്‍ ചേര്‍ന്ന അദ്ദേഹം 2015ലാണ് സിഇഒ ആയി നിയമിക്കപ്പെടുന്നത്.
ടെക് വിദഗ്ധരെ സ്ൃഷ്ടിക്കുന്നതില്‍ പ്രമുഖരായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സ്കോളര്‍ഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പിച്ചൈ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാര്‍ഷിക വരുമാനത്തിലും അപ്പുറമായിരുന്നു.
പെല്‍സില്‍വാനിയ യൂണിവേഴ്സിറ്റിയുടെ വാര്‍ട്ടണ്‍ സ്കൂളില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗൂഗിളില്‍ ചേരുന്നതിനു മുന്‍പ് പല ചെറു കമ്പനികളിലും ജോലി നോക്കി. ഒരു അപ്ലൈഡ് മെറ്റീരിയല്‍ കമ്പനിയില്‍ എഞ്ചിനീയറായും, മകെന്‍സി ആന്‍ഡ് കമ്പനിയില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ആയും പിച്ചൈ പ്രവര്‍ത്തിച്ചിട്ടുണ്ട്.
്ആത്മവിശ്വാസവും ധൈര്യവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു സുന്ദര്‍ പിച്ചെയുമായുള്ള അഭിമുഖമെന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തി.