23-ാം വയസില്‍ സിനിമ പിടിക്കാനിറങ്ങി; വിവാഹത്തിനായി അച്ഛന്‍ ഒരുക്കിവച്ച പണവുമായി; വിദ്യാര്‍ഥിനിയില്‍നിന്ന് സാന്ദ്രയെന്ന നിര്‍മാതാവ് വളര്‍ന്നതിങ്ങനെ…

sandraസിനിമാക്കഥയെ വെല്ലും നിര്‍മാതാവായ സാന്ദ്ര തോമസിന്റെ സിനിമയിലേക്കുള്ള വരവും വളര്‍ച്ചയും. ആരുടെയും പിന്തുണയില്ലാതെ സിനിമമേഖലയില്‍ വെന്നിക്കൊടി പാറിച്ച മിടുക്കിയാണ് സാന്ദ്ര. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നായിരുന്നു അവരുടെ വരവ്. കോട്ടയം ചങ്ങനാശേരിയിലെ മോസ്‌കോ എന്ന ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. കാര്‍ഷികപാരമ്പര്യമുള്ള മാതാപിതാക്കള്‍. തൃശൂരില്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പഠനത്തില്‍ ശരാശരിക്കാരിയായ അവള്‍ പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി എല്ലാവരേയും ഞെട്ടിച്ചു. കൊച്ചിയിലായിരുന്നു പ്രീഡിഗ്രി പഠനം. അവിടെ വച്ചാണ് കലാലോകത്തേക്ക് അവര്‍ കടന്നുവരുന്നത്. നാടകത്തിലൂടെയായിരുന്നു ആദ്യ അഭിനയം. അതും ഫൂലന്‍ദേവിയായി അഭിനയിച്ച്.

കൊച്ചിവാസത്തിനുശേഷം തുടര്‍പഠനത്തിനായി ദുബായിലേക്ക്. മണലാരണ്യത്തിലെത്തിയപ്പോഴും അഭിനയമോഹം കൈവിട്ടിരുന്നില്ല. ദുബായിലെ പഠനകാലത്താണ് ചാനല്‍ അവതാരകയാകുകയെന്ന മോഹം ഉടലെടുത്തത്. അക്കാലത്ത് യുവാക്കളുടെ ഇഷ്ടചാനലായിരുന്ന കിരണ്‍ ടിവിയില്‍ പരിപാടി അവതരിപ്പിക്കാനായെത്തി. അവിടെവച്ചാണ് വിജയ് ബാബുവിനെ കണ്ടുമുട്ടുന്നത്. അന്ന് ചാനലില്‍ പ്രധാനപ്പെട്ട സ്ഥാനത്തായിരുന്നു വിജയ്. ആ സൗഹൃദം വളര്‍ന്നു പന്തലിച്ചതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. വിജയ് ബാബുവിന്റെ ലക്ഷ്യം സിനിമയായിരുന്നു. സിനിമയോട് അതിയായ മോഹമുണ്ടായിരുന്ന സാന്ദ്രയും ഒപ്പംചേര്‍ന്നു. ഇതിനിടെ ഒരു കഥ കേള്‍ക്കുകയും വിജയ് ബാബു നിര്‍മാണം ഏറ്റെടുക്കാനും തീരുമാനിച്ചു. സാന്ദ്രയും ഒപ്പംചേര്‍ന്നു.

കൈയില്‍ കാര്യമായ പണമില്ലാത്തതിനാല്‍ പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയുമായി ആദ്യം സിനിമ നിര്‍മിക്കാനിറങ്ങി. മകളുടെ വിവാഹത്തിനായി അച്ഛന്‍ കരുതിയിരുന്ന സ്വത്തായിരുന്നു അത്. ഫഹദ് ഫാസില്‍ നായകനായെത്തിയ ഫ്രൈഡേ ആയിരുന്നു ആദ്യചിത്രം. മികച്ച അഭിപ്രായം നേടിയ ഫ്രൈഡേ തിയേറ്ററിലും വിജയം കൊയ്തു. ഫ്രൈഡേ എന്ന ഭാഗ്യപേരില്‍ പിന്നീട് നിര്‍മാണക്കമ്പനിയും പത്തോളം സിനിമയും നിര്‍മിച്ചു. ഭാഗ്യ നിര്‍മാതാക്കളായി വിലസുമ്പോഴായിരുന്നു വിജയ്-സാന്ദ്ര ബന്ധം തളരുന്നതും ഇപ്പോള്‍ അടിച്ചുപിരിയുന്നതും.

Related posts