ഏത് ചടങ്ങും മറ്റാരും കാണാത്തതരത്തില്‍ വ്യത്യസ്തമാക്കുക എന്നതാണ് ഇപ്പോള്‍ ഒട്ടുമിക്ക ആളുകളുടെയും ലക്ഷ്യം. ഇത്തരത്തില്‍ തായ്വാനിലെ ഒരാള്‍ തന്റെ അച്ഛന്റെ ശവമടക്ക് വളരെ വ്യത്യസ്തവും ആഘോഷപൂര്‍വവുമായി നടത്താന്‍ അല്പം ഗ്ലാമറിന്റെ വഴിയാണ് തെരഞ്ഞെടുത്തത്.
വ്യത്യസ്തയ്ക്കായി ഈ മകന് അച്ഛന്റെ ശവമടക്കിന് ഏല്പ്പാടാക്കിയത് അമ്പത് സുന്ദരിമാരുടെ നഗ്നനൃത്തമായിരുന്നു. ഇത് പ്രകാരം ശവസംസ്കാര ജാഥയിലെ ഓരോ ജീപ്പിന് മുകളിലും നഗ്നനൃത്തവുമായി സുന്ദരിമാര്‍ അണിനിരന്നിരുന്നു. പിതാവിനുള്ള തന്റെ അവസാന സമ്മാനമെന്ന നിലയിലാണിത് ഇത്തരത്തിലുള്ള ഒരു നൃത്തം ഏര്‍പ്പെടുത്തിയതെന്നാണ് മകന് പറയുന്നത്.
ഈ അപൂര്‍വ സംസ്കാരച്ചടങ്ങിന്റെ വീഡിയൊ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായി മാറിയിരിക്കുകയാണ്. പിതാവിന് ഇത്തരം കാര്യങ്ങളില്‍ വലിയ താത്പ്പര്യമായിരുന്നെന്നും ഇതിലും വലിയൊരു ആദരം പിതാവിന് നല്കാന് തനിക്കില്ലെന്നും ഇയാള്‍ പറയുന്നു.
ചിലായ് കൗണ്ടി കൗണ്‍സിലിലെ മുന്‍ ചെയര്‍മാനായിരുന്നു പരേതന്. 76ാം വയസിലായിരുന്നു അന്ത്യം. പിതാവ് ജനകീയനും പ്രശസ്തനുമായതിനാല് ചടങ്ങ് കൊഴുപ്പിക്കുക എന്ന ലക്ഷ്യവും കൂടി ഇതിന് പിന്നിലുണ്ടായിരുന്നതായി മകന് വ്യക്തമാക്കി.
76ാം വയസില്‍ മരിച്ച ടുന്‍ഗ് സിയാന്ഗിന്റെ ശവസംസ്കാരത്തിനാണ് ഇത്തരത്തില്‍ സുന്ദരിമാര്‍ തുണിയുരിഞ്ഞ് നൃത്തം ചെയ്യാനെത്തിയത്. ഡിസംബര്‍ 14നാണ് ഇദ്ദേഹം മരിച്ചതെങ്കിലും ശവസംസ്കാരം ജനുവരി 3നാണ് നടത്തിയതെന്ന് മകന്റെ ഫേസ്ബുക്ക് പേജ് വ്യക്തമാക്കുന്നു. ടുന്‍ഗ് കുവോ ചെന്ഗ് എന്നാണീ മകന്റെ പേര്. പിതാവ് ജനകീയനും പ്രശസ്തനുമായതിനാല് ശവസംസ്കാരം കൊഴുപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മകന് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങില്‍ പത്ത് മിനിറ്റ് മാത്രമായിരുന്നു നഗ്നനൃത്തം. ഈ ചടങ്ങിനെ കുറിച്ച് സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ നിരവധി ചര്‍ച്ചകളും നടന്നുവരുന്നു.