മൗണ്ട് മന്ഗുനയി: ബംഗ്ലാദേശിനെതിരായ ട്വന്റി–20 പരമ്പരയും ന്യൂസിലന്‍ഡ് സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 47 റണ്‍സിന് വിജയിച്ചാണ് പരമ്പര കിവീസ് സ്വന്തമാക്കിയത്. നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.
കോളിന് മുണ്‍റോയുടെ അതിവേഗ സെഞ്ചുറിയുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 195 റണ്‍സ് അടിച്ചുകൂട്ടി. 54 പന്തില്‍ ഏഴ് വീതം സിക്സും ഫോറും പറത്തി 101 റണ്‍സ് നേടിയ മുണ്‍റോ ബംഗ്ലാദേശ് ബൗളര്‍മാരെ നിലംപരിശാക്കി. 39 പന്തില്‍ 59 റണ്‍സ് നേടിയ ടോം ബ്രൂസ് മികച്ച പിന്തുണയാണ് മുണ്‍റോയ്ക്ക് നല്‍കിയത്. മുണ്‍റോയാണ് മാന്‍ ഓഫ് ദ് മാച്ച്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ഇന്നിംഗ്സ് 18.1 ഓവറില്‍ 148 റണ്‍സിന് പുറത്തായി. സാബിര്‍ റഹ്മാന് 48 റണ്‍സും സൗമ്യ സര്‍ക്കാര്‍ 39 റണ്‍സും നേടി പുറത്തായി. കിവീസിന് വേണ്ടി ഇഷ് സോധി മൂന്നും ബെന്‍ വീലര്‍, കെയ്ന്‍ വില്യംസണ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.