പാട്ടും ഡാന്‍സുമായി യുവാക്കളെ കോരിത്തരിച്ച താരം, പെണ്‍കുട്ടികളുടെ സ്വപ്‌നകാമുകന്‍. രവീന്ദ്രനെന്ന താരത്തിന് വിശേഷണങ്ങളേറെയാണ്. എണ്‍പതുകളില്‍ മലയാളത്തിലെ തിരക്കേറിയ താരമായിരുന്ന രവീന്ദ്രന്‍ പിന്നീട് അപ്രത്യക്ഷനായി. ന്യൂജനറേഷന്‍ സിനിമകള്‍ തരംഗമായതോടെ വീണ്ടും ഡിസ്‌കോ രവീന്ദ്രന്‍ സജീവമായിരിക്കുകയാണ്. ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡിലൂടെയായിരുന്നു തിരിച്ചുവരവ്. കിട്ടുന്ന സിനിമകളിലെല്ലാം ചാടി അഭിനയിക്കാതെ സെലക്ടീവായി സിനിമകള്‍ തിരഞ്ഞെടുക്കുകയാണ് താരമിപ്പോള്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അനുഭവങ്ങള്‍ പങ്കുവച്ചു.
പുന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം കഴിഞ്ഞിറങ്ങിയ സമയത്താണ് ഒരു തലൈ രാഗത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ശങ്കര്‍ നായകവേഷത്തിലെത്തിയ ചിത്രത്തില്‍ കൂട്ടുകാരനായാണ് രവീന്ദ്രന്‍ വേഷമിട്ടത്. പിന്നീട് അശ്വരഥത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് രവീന്ദ്രന്‍ എത്തിയത്. നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു രവീന്ദ്രന്‍. ഡിസ്‌കോ ഡാന്‍സായിരുന്നു ഏറെ ഇഷ്ടം. ഒരു തലൈ രാഗത്തിന് ശേഷം താരത്തിന് കിട്ടിയതെല്ലാം ഡിസ്‌കോ ഡാന്‍സ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. ഇതോടെ ഡിസ്‌കോ രവീന്ദ്രന്‍ എന്നറിയപ്പെട്ടു തുടങ്ങി.
എണ്‍പതുകളിലെ സിനിമകളിലെ പ്രത്യേകതയായിരുന്നു കാബറെ ഡാന്‍സ്. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ മാറിമാറി വന്നാലും മറുവശത്ത് ഡാന്‍സ് ചെയ്യുക രവീന്ദ്രനായിരുന്നു. പല സംവിധായകരും കാബറെ ഡാന്‍സിനു മാത്രമായി രവീന്ദ്രനെ വിളിക്കുകയും ചെയ്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇന്റീരിയര്‍ ഡിസൈനിംഗിലാണ് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ചലച്ചിത്ര മേളകളിലും കൂടുതല്‍ സജീവമായി ഇടപെടാനും തുടങ്ങിയെന്ന് താരം പറഞ്ഞു.