മത്സരത്തില്‍ മാത്രം ഒന്നും രണ്ടും മൂന്നും സ്ഥാനക്കര്‍; ജീവിതത്തില്‍ എല്ലാവരും ഒന്നാം സ്ഥാനക്കാരെന്ന് സലിംകുമാര്‍

salimkumarപറവൂര്‍: ഒരാളെ കലാകാരനാക്കി മാറ്റുന്നത് കാലമാണെന്ന് നടന്‍ സലിംകുമാര്‍. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ ത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തില്‍ മാത്രമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരുള്ളു. ജീവിതത്തില്‍ എല്ലാവരും ഒന്നാം സ്ഥാനക്കാരാണ്.

കലാകാരന്മാര്‍ സമൂഹത്തിന് മാതൃകയാകണം. പരാജിതര്‍ക്കേ വിജയത്തിന്റെ പാത അന്വേഷിക്കാനാകൂ. അതിലൂടെ അവര്‍ വിജയികളാകും. പരാജയപ്പെട്ടവരാകാം ചിലപ്പോള്‍ പില്‍ക്കാലത്ത് ഉയരങ്ങളിലെത്തുക. ഒട്ടേറെ സൗഹൃദങ്ങള്‍ ലഭിക്കാനുള്ള വേദിയാണു കലോത്സവങ്ങള്‍. സമ്മേളന വേദിയിലുണ്ടായിരുന്ന ടിനി ടോമുമായുള്ള ബന്ധം ആരംഭിച്ചത് യൂണിവേഴ്‌സിറ്റി കലോത്സവ വേദിയില്‍നിന്നാണെന്ന് അദ്ദേഹം ഓര്‍മിച്ചു. കലോത്സവ സംഘാടക സമിതി സിബിഐയെപ്പോലെ പ്രവര്‍ത്തിച്ചുവെന്നും അഴിമതി വീരന്മാരായ വിധികര്‍ത്താക്കളെ കെണിയൊരുക്കി പിടികൂടിയത് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എമാരായ എല്‍ദോ എബ്രഹാം, എല്‍ദോസ് കുന്നപ്പിള്ളി, നഗരസഭാധ്യക്ഷന്‍ രമേഷ് ഡി. കുറുപ്പ്, പി. രാജു, യേശുദാസ് പറപ്പിള്ളി, കെ.എ. അംബ്രോസ്, എം.പി. പോള്‍സണ്‍, എച്ച്എസ്എ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts