അനധികൃത കടന്നുകയറ്റം തടയുക, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുക എന്നീ ലക്ഷ്യങ്ങളോടെയാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോല്‍ടര്‍ പ്രൊട്ടക്ഷന്‍ വിഭാഗം പുതിയ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്ക സന്ദര്‍ശിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണ് ഇവര്‍ ചെയ്യുന്നത്. സാന്‍ ബെര്‍ണാഡിനോ കൂട്ടക്കൊലപാതകം നടന്നതിന് ശേഷമാണ് സുരക്ഷയുടെ ഭാഗമായി വിസ വെയ്‌വര്‍ ആക്ട് പ്രകാരം ഈ പരിശോധന ഏര്‍പ്പെടുത്തിയതെന്നും സുരക്ഷാ മേഖലയില്‍ ഇത് വലിയ ചുവടുവയ്പായിരിക്കുമെന്നും പറയപ്പെടുന്നു.
ഇതിന്‍ പ്രകാരം യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന ഫോമുകളില്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൂടി രേഖപ്പെടുത്താനുള്ള കോളം ഉള്‍ക്കൊള്ളിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മുതലാണ് ഇത് പ്രാവര്‍ത്തികമായത്.
ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താനുള്ള കോളം ഇതിലുണ്ട്. എന്നാല്‍ ഇത് ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നൊരു പരാതിയുണ്ട്. തികച്ചും വ്യക്തിപരമായ വിവരങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നത് അത്ര സ്വീകാര്യമല്ല. ഇതില്‍ തന്നെ അറബ്, മുസ്ലിം വിഭാഗങ്ങള്‍ക്ക് കടുത്ത സൂക്ഷ്മപരിശോധന നേരിടേണ്ടി വരുന്നുണ്ട്.
അധികംവൈകാതെ മറ്റു രാജ്യങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകള്‍ വ്യാപകമാക്കിയേക്കും. ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രാധാന്യം കൊടുത്ത് നടപ്പിലാക്കേണ്ട കാര്യം. ഇപ്പോള്‍ ഇത് ഫോമില്‍ നിര്‍ബന്ധമായിട്ടും കൊടുക്കേണ്ട വിവരങ്ങളുടെ വിഭാഗത്തില്‍ അല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഭൂരിഭാഗം സന്ദര്‍ശകരും ഇത്തരം വിവരങ്ങള്‍ കൂടി പൂരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിസ വെയ്‌വര്‍ പ്രോഗ്രാം വഴി അമേരിക്കയിലെത്തുന്ന താല്‍ക്കാലിക സന്ദര്‍ശകരില്‍ നിന്നു മാത്രമാണ് ഇപ്പോള്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത്. യാത്ര ചെയ്യാനോ ബിസിനസ് ആവശ്യങ്ങള്‍ക്കോ മറ്റുമായി തൊണ്ണൂറു ദിവസത്തില്‍ താഴെ സമയത്തേയ്ക്ക് ഇവിടെ എത്തിച്ചെരുന്നവര്‍ക്ക് വേണ്ടിയുള്ള പ്രോഗ്രാമാണിത്. 38 രാജ്യങ്ങള്‍ മാത്രമേ നിലവില്‍ ഇതിന്റെ ഭാഗമായിട്ടുള്ളു. ഇന്ത്യ ഇതുവരെ ഇതിന്റെ ഭാഗമായിട്ടില്ല.