കഥ പറഞ്ഞു തുടങ്ങി… ആനയ്ക്കു നേരെവച്ച വെടി അബദ്ധത്തില്‍ ടോണിയുടെ ദേഹത്ത് കൊണ്ടുവെന്ന് മൊഴി; ഒളിവില്‍ കഴിഞ്ഞവര്‍ പോലീസ് കസ്റ്റഡിയില്‍

tony

കോതമംഗലം: തട്ടേക്കാട് വനത്തില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ്(40),ചെരുവിള പുത്തന്‍വീട്ടില്‍ അജീഷ് രാജന്‍ (28) എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നു പോലീസ് അറിയിച്ചു. തട്ടേക്കാട് വഴുതനപ്പിള്ളി മാത്യു (ജോസ്) ന്റെ മകന്‍ ടോണി (25) ആണ് ബുധനാഴ്ച രാത്രി തട്ടേക്കാട് വനത്തില്‍ കൊല്ലപ്പെട്ടത്. വനത്തില്‍ നായാട്ടിനിടെയായിരുന്നു സംഭവം.

കാട്ടാനയ്ക്കു മുമ്പില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷൈറ്റ് മരത്തിന് മറഞ്ഞ് നിന്ന് ആനയ്ക്കു നേരെവച്ച വെടി അബദ്ധത്തില്‍ ടോണിയുടെ ദേഹത്ത് കൊള്ളുകയായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും പോലിസ് ലഭിച്ച വിവരം. കൂടുതല്‍ കാര്യങ്ങള്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തികരിച്ച ശേഷമേ വിശദമാക്കാനാകുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുവാറ്റുപുഴ ഡിവൈഎസ്പി  കെ. ബിജുമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരേയും ഇന്നു സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഷൈറ്റിനും അജിഷിനും ടോണിക്കും ഒപ്പം നായാട്ടിനു കൂടെയുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിള്ളി തങ്കച്ചന്റെ മകന്‍ ബേസില്‍(34)ആനയെ കണ്ട് വരണ്ട് ഓടുന്നതിനിടെ പാറപ്പുറത്ത് വീണ് വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റ് ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇയാളുടെ മൊഴി ഏറെ ദുരൂഹതകള്‍ക്ക് വഴിയൊരുക്കിയിരുന്നു. കാട്ടാനയെകണ്ട് താന്‍ വിരണ്ട് ഓടുമ്പോള്‍ ടോണിയുടെ കൈവശമായിരുന്നു തോക്കെന്നും ഓട്ടത്തിനിടെ വെടി ശബ്ദം കേട്ടുവെന്നുമാണ് ബേസില്‍ പറഞ്ഞിരുന്നത്. ടോണിയുടെ കൈവശമിരുന്ന ആറടിയോളം നീളമുള്ള തോക്ക് പൊട്ടിയാല്‍ എങ്ങനെ കാലിന്റെ തുടയില്‍ വെടിയേല്‍ക്കുമെന്നുള്ളതു സംശയമുയര്‍ത്തിയിരുന്നു. എന്നാല്‍, കസ്റ്റഡിയിലുള്ള ഷൈറ്റിലെ ചോദ്യം ചെയ്തതോടെ ദുരൂഹതകള്‍ക്ക് വിരാമമാകുകയായിരുന്നു.

കേസന്വേഷിക്കുന്ന കുട്ടമ്പുഴ എസ്‌ഐ  ഷംഷിദ്, പോസ്റ്റുമോര്‍ത്തിനു നേതൃത്വം നല്‍കിയ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനില്‍ നിന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സയന്റിഫിക് ഫോറന്‍സിക്ക് അധികൃതരില്‍നിന്നുള്ള റിപ്പോര്‍ട്ടും രേഖരിച്ചതായാണ് അറിയുന്നത്. പ്രതികളുടെ മൊഴിയും തെളിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും.

സംഭവസ്ഥലത്തുനിന്ന് പിറ്റേന്ന് കണ്ടെടുത്ത കസ്റ്റഡിയിലുള്ള തോക്കില്‍ നിന്ന് തന്നെയാണ് വെടിവച്ചതെന്നാണ് കീഴടങ്ങിയവരില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം. ഇതും പരിശോധനാ വിധേയമാക്കും. കുട്ടമ്പുഴ പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. ഇത് മാറ്റിയാണ് കൊലപാതക കേസെടുത്തത്. ടോണിക്കൊപ്പമുണ്ടായിരുന്ന മൂന്നു പേരെയും പ്രതികളാക്കി മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇപ്പോല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ആംസ് ആക്ട് പ്രകാരവും പോലിസ് കേസെടുത്തിട്ടുണ്ട്.

വനത്തില്‍ അതിക്രമിച്ച് കടന്നതിനും തോക്ക് ഉള്‍പ്പെടെയുള്ള വിവിധ ആയുധവുമായി സംഘം ചേര്‍ന്ന് നായാട്ടിന് പോയതിനും കാട്ടില്‍ തീയിട്ടതിനുമാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. തെളിവെടുപ്പുകള്‍ക്കു ശേഷം ഇന്ന് ഉച്ചയോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.

 

Related posts