പോലീസ് ക്വാര്‍ട്ടേഴ്‌സിന് കാവല്‍ മൂര്‍ഖനോ ? പോലീസ് ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നിന്നും പിടികൂടിയത് രണ്ട് മൂര്‍ഖന്‍ പാമ്പുകളെ

snake

തിരുവല്ല: നഗരത്തിലെ പോലീസ് ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നിന്നും ഇന്നലെ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. വളപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ് പാമ്പുകള്‍ മാളം ഉണ്ടാക്കിയത്. കാവുംഭാഗം സ്വദേശി സോമന്റെ നേതൃത്വത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റിയപ്പോളാണ് മാളത്തല്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖനെ കണ്ടത്. പെണ്‍ വര്‍ഗത്തില്‍പെട്ട മൂര്‍ഖനെ പിടിച്ച് ചാക്കിലാക്കിയ ശേഷം വീണ്ടും നടത്തിയ തെരച്ചിലിലാണ് ആണ്‍ മൂര്‍ഖനെയും കണ്ടെത്തിയത്. റാന്നിയില്‍ നിന്നും വനപാലകരെത്തി മൂര്‍ഖന്‍ പാമ്പുകളെ കൊണ്ടുപോയി. വളപ്പില്‍ പലയിടത്തായി വിഷപ്പാമ്പുകളെ കണ്ടതോടെ ഭീതിയിലായിരുന്നു താമസക്കാര്‍ കഴിഞ്ഞിരുന്നത്.

പോലീസ് ക്വോര്‍ട്ടേഴ്‌സിന് മതിയായ സംരക്ഷണം നല്‍കുന്നില്ലെന്ന് താമസക്കാര്‍ പരാതി പറഞ്ഞു. മേല്‍ക്കൂരയിലെ ഓടുകള്‍ മാറ്റി ജിഐ ഷീറ്റാക്കി. കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ചെടുത്ത ഓടുകള്‍ എല്ലാ ക്വാര്‍ട്ടേഴ്‌സിന്റെയും മുന്‍ ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവ ഇതേവരെ നീക്കം ചെയ്തിട്ടില്ല. സെപ്ടിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞു കിടക്കുകയാണ്. കക്കൂസില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു മൂലം ഇതിനുള്ളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ മക്കളായ വിദ്യാര്‍ഥികള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.

Related posts