തൃപ്പൂണിത്തുറ: മാവോയിസ്റ്റുകളെ വര്‍ഗ ശത്രുക്കളായി കണ്ട് അടിച്ചൊതുക്കുന്ന രാഷട്രീയ നിലപാടുകളോട് സിപിഐ അനുകൂലിക്കുന്നില്ലെന്ന് പാര്‍ട്ടി കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ബിനോയ് വിശ്വം പറഞ്ഞു. ആമേട എകെജി സ്മാരക ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലാ വൈസ് പ്രസിഡന്‍റ് ആയിരുന്ന പി.കെ രാജു അനുസ്മരണത്തോടനുബന്ധിച്ചു നടക്കാവ് ദേവസ്വം ഗ്രൗണ്ടില്‍ മാവോയിസ്റ്റുകളും ഭരണകൂടവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകളാണെങ്കിലും അവര്‍ക്കും മനുഷ്യാവകാശമുണ്ടെന്ന കാര്യം മറക്കുവാന്‍ പാടില്ല. മാവോയിസ്റ്റുകളെ നേരിടുവാന്‍ കൈയൂക്കിന്‍റെ ഭാഷ ആവശ്യമില്ലെന്നും ഇതു ഇടതുപക്ഷത്തിന്‍റെ തിളക്കം കുറയ്ക്കുവാനേ സഹായിക്കുവെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.ആര്‍ പുഷ്പാംഗദന്‍ അധ്യക്ഷനായിരുന്നു. സി.പി ഉദയഭാനു, വി.കെ കിഷോര്‍, വെണ്ണല മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.