വിയ്യാറയല്‍: തോല്‍വിയുടെ വക്കില്‍നിന്നും ബാഴ്സലോണയെ ലയണല്‍ മെസിയുടെ ഫ്രീകിക്ക് ഗോള്‍ രക്ഷിച്ചു. സ്പാനിഷ് ലാ ലിഗയില്‍ വിയ്യാ റയലിനെതിരേ നടന്ന മത്സരത്തില്‍ തോല്‍വിയെ ഉറ്റുനോക്കുകയായിരുന്ന നിലവിലെ ചാമ്പ്യന്മാര് മെസി 90ാം മിനിറ്റില്‍ നേടിയ ഗോളില്‍ 11 സമനിലയുമായി പിരിഞ്ഞു. ഈ സമനിലയോടെ ബാഴ്സലോണയ്ക്കു പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിയും വന്നു. ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള ബാഴ്സയുടെ പോയിന്റ് വ്യത്യാസം അഞ്ചായി. റയലിനു 40 പോയിന്റും രണ്ടാമതുള്ള സെവിയ്യയ്ക്ക് 36ഉം, ബാഴ്സലോണയ്ക്കു 35 പോയിന്റുമാണുള്ളത്. മെസിയുടെ ഗോളില്‍ പുതുവര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയില്‍നിന്നു രക്ഷപ്പെട്ടു.
ആദ്യപകുതിയില്‍ പന്തടക്കത്തില്‍ ബാഴ്സയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ , കറ്റാലന്‍ കരുത്തരുടെ മെസി, ലൂയി സുവാരസ്, നെയ്മര്‍ അടങ്ങുന്ന ശക്തമായ മുന്നേറ്റത്തെ ചെറുത്ത വിയ്യാറയലിന് ആദ്യ പകുതിയില്‍ ബാഴ്സയെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാനായി. ഈ ലീഗ് സീസണില്‍ അഞ്ചാം തവണയാണ് ബാഴ്സയ്ക്ക് ആദ്യ പകുതിയില്‍ ഗോള്‍ നേടാനാവാതെ പോകുന്നത്. രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റില്‍ നിക്കോള സാന്‍സണ്‍ വിയ്യാറയലിനായി വല കുലുക്കി.
മികച്ചൊരു കൗണ്ടര്‍ അറ്റാക്കിന് ഒടുവിലായിരുന്നു ഗോള്‍. ഇതിനു ശേഷം ഇരുടീമും പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്തു. രണ്ടെണ്ണത്തിനായി ബാഴ്സയും ഒന്നിനു വിയ്യാറയലും അപ്പീല്‍ ചെയ്തെങ്കിലും റഫറി ചെവികൊടുത്തില്ല. ജയം ഉറപ്പിച്ചു നീങ്ങിയ ആതിഥേയരുടെ വല 90ാം മിനിറ്റില്‍ മെസി ബോക്സിനു വെളിയില്‍നിന്നും നിറയൊഴിച്ചു. പെനാല്‍റ്റി ബോക്സിനു വെളിയില്‍ മെസിയെ വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. ഇഞ്ചുറി ടൈമില്‍ വിയ്യാറയലിന്റെ ഴൗമ കോസ്റ്റ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടിവന്നു.
ഇവാന് റാക്കിട്ടിച്ചിനെ ഉള്‍പ്പെടുത്താതെയാണ് ബാഴ്സ പരിശീലകന് ലൂയി എന്റികെ ടീമിനെ ഇറക്കിയത്. റാക്കിട്ടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് ക്രൊയേഷ്യന്‍ താരത്തെ പുറത്തിരുത്തിയതെന്ന് ക്ലബ് വെളിപ്പെടുത്തിയിരുന്നു.മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ആന്ദ്രെ ഇനിയെസ്റ്റയുടെ ലോംഗ് റേഞ്ച് വിയ്യാറയല്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ അസെന്യോ അനായാസമായി കൈക്കലാക്കി. ഇതിനുശേഷം നെയ്മറും സുവാരസും രണ്ട് മികച്ച അവസരങ്ങള്‍ നഷ്ടമാക്കി.
മറുവശത്ത് വിയ്യാറയലും കൗണ്ടര്‍ അറ്റാക്കിലൂടെ ബാഴ്സയുടെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. ജൊനാഥന് ഡോസ് സാന്റോസ്, സാന്‍സണ്‍ എന്നിവരുടെ ആക്രമണങ്ങളെ ബാഴ്സ ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര് സ്റ്റെഗന് തട്ടിയകറ്റി. നെയ്മറിന്റെ ഒരു ഷോട്ട് പുറത്തേക്കു പോയി. പന്തടക്കത്തില്‍ ബാഴ്സലോണ ആധിപത്യം പുലര്‍ത്തിയപ്പോള്‍ വിയ്യാറയല്‍ കൗണ്ടര്‍ അറ്റാക്കിംഗില്‍ മികച്ചു നിന്നു. ഇടവേളയ്ക്കു തൊട്ടുമുമ്പ് മെസിയുടെ ഹെഡറിനും സുവാരസിന്റെ ഷോട്ടിനും ഗോള്‍ കണ്ടെത്താനായില്ല.
രണ്ടാം പകുതിയില്‍ ആക്രമണംതന്നെ ലക്ഷ്യമിട്ട വിയ്യാറയല്‍ 49ാം മിനിറ്റില്‍ വലകുലുക്കി. അലക്സാണ്ടര്‍ പാറ്റോയുടെ നിലംതൊട്ട പാസില്‍ സാന്‍സണ്‍ ആതിഥേയരെ മുന്നിലെത്തിച്ചു. തിരിച്ചടിക്ക് നെയ്മര്‍ അടുത്തെത്തിയെങ്കിലും ഗോള്‍ കീപ്പര്‍ അതും നിഷേധിച്ചു. ഇതിനിടെ ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും പോസ്റ്റില്‍ തട്ടിതത്തറിച്ചു. ബോക്സിനുള്ളി വീഴ്ത്തിയതിനു നെയ്മര്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്തെങ്കിലും വിജയിച്ചില്ല.വിയ്യാറയലിന്റെ സോറിയാനോയുടെ അടി ബാഴ്സയുടെ ബോക്സിനുള്ളില്‍ നിന്ന ഹാവിയര്‍ മെഷരാനോയുടെ കൈയില്‍ തട്ടിയതിനു സ്പോട് കിക്കിന് അപ്പീല്‍ ചെയ്തെങ്കിലും റഫറി നിഷേധിച്ചു.
78ാം മിനിറ്റില്‍ വിയ്യാറയലിന്റെ ബ്രൂണോ പന്തിലേക്കു കൈ തട്ടിവീണതിന് ബാഴ്സ താരങ്ങള്‍ പെനാല്‍റ്റിക്കായി ശബ്ദമുയര്‍ത്തിയെങ്കിലും റഫറി അതും നിഷേധിച്ചു. ബാഴ്സ തോല്‍വിയിലേക്കെന്നു തോന്നിച്ച അവസരത്തില്‍ അപകടകരമായ സ്ഥാനത്തുനിന്നു ലഭിച്ച ഫ്രീകിക്ക് വലയിലാക്കി മെസി ടീമിന് സമനില നല്കി.