കടുത്തുരുത്തി: പപ്പായ കൃഷിയില്‍ പരീക്ഷണവുമായി ജനപ്രതിനിധി. ഞീഴൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോണ്സണ് കൊട്ടുകാപ്പള്ളിയാണ് പരീക്ഷണാര്‍ഥം പപ്പായ കൃഷിക്ക് തുടക്കമിട്ടത്. 2000 റെഡ് ലേഡി ടിഷ്യൂ കള്‍ച്ചര്‍ പപ്പായ തൈകളാണ് ജോണ്സണ് പാട്ടത്തിനെടുത്ത പറമ്പില്‍ നട്ടിരിക്കുന്നത്. മൂന്നു മാസം കൊണ്ട് കായ് പറിക്കാമെന്നതാണ് റെഡ് ലേഡി പപ്പായയുടെ സവിശേഷത. പൂനയില്‍ നിന്നും 32 രൂപ നിരക്കില്‍ തൈ വാങ്ങിയാണ് ജോണ്സണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
ഒരാള്‍ ഉയരത്തിലേ ഇതു വളരൂവെന്നതും ഫലം എടുക്കുമ്പോള്‍ മറ്റു ചെലവുകള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ഒന്നര വര്‍ഷത്തേക്കാണ് ഇതില്‍ നിന്നും ഫലം ലഭിക്കുന്നത്. പുറം പച്ചത്തൊലിയാണെങ്കിലും പപ്പായയുടെ അകവശം ചുവപ്പ് നിറമാണ്. ഐസ്ക്രീം ഉണ്ടാക്കുന്നതിനും ബ്യൂട്ടിപാര്‍ലറിലെ ഉപയോഗത്തിനുമാണ് റെഡ്ലേഡി പപ്പായ ഉപയോഗിക്കുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഫലം കൂടിയാണിത്.
റെഡ് ലേഡി പപ്പായ കേടുകൂടാതെ 15 ദിവസത്തോളം സൂക്ഷിക്കാമെന്നതും നേട്ടമാണ്. ഒരു ചുവട് പപ്പായ കൃഷി ചെയ്യാന്‍ 250 രൂപയോളം ചെലവ് വന്നിട്ടുണ്ടെന്ന് ജോണ്സണ് പറഞ്ഞു.ബംഗളൂരു മാര്‍ക്കറ്റിലെത്തിച്ചാണ് പപ്പായ വിറ്റഴിക്കുന്നത്. കിലോയ്ക്കു 18 രൂപയോളമാണ് മാര്‍ക്കറ്റിലെ വില. പൈനാപ്പിള്‍, കപ്പ, വാഴ തുടങ്ങിയ കൃഷികളും ജോണ്സണ് ചെയ്യുന്നുണ്ട്.