പത്തനാപുരം: റാണി എന്ന നായയുടെ വിയോഗത്തില്‍ തേങ്ങി ഒരു ഗ്രാമം. അരുവിത്തറ ഗ്രാമത്തിന്റെ ഹൃദയം കവര്‍ന്ന റാണി എന്ന നായ മരണത്തിനു കീഴടങ്ങി. ഒരിക്കലും മറക്കാനാവാത്ത നല്ല ഒരുപിടി ഓര്‍മ്മകള്‍ ഗ്രാമവാസികള്‍ക്ക് സമ്മാനിച്ച് കൊണ്ട്. പത്തനാപുരം അരുവിത്തറയിലെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പ്രിയപ്പെട്ടവളായിരുന്നു റാണി. പതിനാല് വര്‍ഷം മുമ്പ് വഴിയോരത്തെ ഇലവു മരത്തിന്റെ ചുവട്ടില്‍ ആരോ ഉപേക്ഷിച്ചു പോവുകയായിരുന്നു റാണിയെ. വിശന്നു കരഞ്ഞ നായക്കുട്ടിക്ക് സമീപത്തെ കച്ചവടക്കാര്‍ ഭക്ഷണം നല്കി വിശപ്പടക്കി. അവര്‍ അവള്‍ക്ക് “റാണി ‘ എന്ന ഓമന പേരും നല്കി. അന്നുമുതല്‍ അവള് അരുവിത്തറയുടെ കാവലാളായി. പേരു പോലെ തന്നെ ഗ്രാമവാസികള്‍ റാണിയെപ്പോലെ വളര്‍ത്തുകയും ചെയ്തു.
വീടുകളിലെ മുറികളില്‍ പോലും കയറിചെല്ലാന്‍ റാണിക്ക് സ്വാതന്ത്യം ഉണ്ടായിരുന്നു. ഏഴ് വര്‍ഷംമുമ്പ് രണ്ട് റബ്ബര്‍ ഷീറ്റ് മോഷ്ടാക്കളെ പിടികൂടാന്‍ സഹായിച്ച് “റാണി’ നാടിന്റെ അഭിമാനമായി മാറുകയും ചെയ്തു. അതോടെ പോലീസിന്റെയും കോടതിയുടേയും രേഖകളില്‍ റാണി യുടെ പേര് രേഖപ്പെടുത്തി. കമുകംചേരിയിലെ ഒരു സഹകരണ സംഘത്തില്‍ നിന്നും അപഹരിച്ച റബ്ബര്‍ ഷീറ്റുമായി വന്ന മോഷ്ടാക്കള്‍ അരുവിത്തറയില്‍ വച്ച് റാണിയുടെ മുന്നില്‍ അകപ്പെട്ടു. റബ്ബര്‍ ഷീറ്റ് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാക്കളെ കുരച്ച് ശബ്ദമുണ്ടാക്കി ഗ്രാമവാസികളെ ഉണര്‍ത്തിച്ച് പിടികൂടുകയിരുന്നു.
ഇങ്ങനെ നിരവധി കഥകളുണ്ട് റാണി യുടെ പേരില്‍. റാണി എന്നല്ലാതെ പട്ടിയെന്നോ, നായയെന്നോ പോലും ഇവര്‍ ഇവളെ വിളിച്ചിട്ടില്ല. ഇടതു ചെവിയുടെ പിറകിലുണ്ടായിരുന്ന മുറിവ് മരണത്തിലേക്ക് തളളിവിടുകയായിരുന്നു. നാട്ടുകാര്‍ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. പതിനാല് വര്‍ഷം മുമ്പ് അരുവിത്തറയിലെ ഗ്രാമവാസികള്‍ ആദ്യമായി കണ്ട ഇലവു മരത്തിന്റെ ചുവട്ടിലായിരുന്നു റാണിയുടെ ജഡം കിടന്നതും. തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിയോഗദുഖത്തിലാണ് അരുവിത്തറ ഗ്രാമവാസികള്‍. റാണിയുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന അമ്മമാരെയും ഇവിടെ കണ്ടു. പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തിമോപചാരമായിരുന്നു നാട്ടുകാര്‍ റാണിക്ക് നല്‍കിയത്. വരുന്ന 22 തീയതി റാണിയുടെ അടിയന്തര ചടങ്ങുകളും നടത്തും. നാടെങ്ങും മനുഷ്യനോടുളള തെരവു നായ്ക്കളുടെ ആക്രമണം പതിവാകുമ്പോള്‍ .ഇവിടെ ഒരു നാട് മുഴുവന്‍ ഒരു നായയുടെ മരണത്തില്‍ വിതുമ്പുകയാണ്.