ലഹരിക്കച്ചവടം കുടുംബവ്യവസായം! ഭാര്യാപിതാവ് വഴികാട്ടി; പെട്ടു, മൂന്നു വട്ടം എന്നിട്ടും… കണക്കുകള്‍ കഥ പറയുന്നു…

ഗിരീഷ് പരുത്തിമഠം
mayakkumarunnu

അബ്ദുള്‍ മുഹമ്മദ് ഷെയ്ക്ക് ആഡംബര ജീവിതം നയിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അങ്ങനെതന്നെ. ആറു പതിറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള ഒമ്പതംഗ കുടുംബം സമൂഹത്തിലെ ഉന്നതമായ നിലയില്‍ തുടരാനുള്ള പ്രധാന ഉപജീവനമാര്‍ഗം എന്തെന്നറിയേണ്ടേ.. ? ലഹരിക്കച്ചവടം… അന്താരാഷ്ട്രതലത്തില്‍ കോടികള്‍ വിലമതിക്കുന്ന ഹാഷിഷിന്റെ വ്യാപാരം. അബ്ദുള്‍ ഥാണ എന്നറിയപ്പെടുന്ന അബ്ദുള്‍ മുഹമ്മദ് ഷെയ്ക്കിന്റെ പണി ഇതാണെന്ന് പോലീസിന് നേരത്തെ അറിയാം. എന്നാല്‍ ഒമ്പതംഗ കുടുംബാംഗങ്ങളും കൂടി ഉള്‍പ്പെട്ട വന്‍കിട വ്യാപാരമാണെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തിലാണ് ഈയിടെ തെളിഞ്ഞത്.

ഭാര്യാപിതാവ് വഴികാട്ടി…

നിയമവിരുദ്ധമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന പണി അബ്ദുള്‍ ഷെയ്ക്ക് ഏറ്റെടുക്കുന്നത് 1980-ലാണ്. തന്റെ ഭാര്യാപിതാവായ ഇസ്മായില്‍ ജദിയയാണ് ഇക്കാര്യത്തില്‍ ഷെയ്ക്കിന്റെ മുന്‍ഗാമി. അക്കാലത്തെ ഏറ്റവും വലിയ ഹാഷിഷ് കച്ചവടക്കാരനായിരുന്നു ജദിയ. എന്നാല്‍, ജദിയയുടെ കച്ചവടം കാഷ്മീരില്‍ മാത്രമായിരുന്നു.

ലഹരിയുടെ മാസ്മരിക ലോകത്തി ലേക്ക് ആളുകള്‍ ഒഴുകിവരുമെന്ന് ഉത്തമബോധ്യമുണ്ടായിരുന്ന ഷെയ്ക്ക്  കാഷ്മീരില്‍ മാത്രമായി ഒതുങ്ങാന്‍ ആഗ്രഹിച്ചില്ല. ഹാഷിഷില്‍ നിന്നുള്ള വരുമാനം ഇരട്ടിയും അതിലേറെയുമാക്കുക എന്ന ലക്ഷ്യത്തോടെ മുംബൈയിലേക്ക് ഹാഷിഷ് കടത്താനും വില്‍ക്കാനും ഷെയ്ക്ക് തീരുമാനിച്ചു.

ഭാര്യ നസ്മ, മക്കളായ ആരിഫ്, റുബീന, റെഹാന, മരുമക്കളായ അബ്ദുള്‍ കാരോബാരി, ഖയാമുദ്ദീന്‍ ഖാന്‍ എന്നീ കുടുംബാം ഗങ്ങളിലേക്കും ഷെയ്ക്ക്  വമ്പന്‍ വരുമാനം കരഗതമാകുന്ന കച്ചവടത്തിന്റെ ബാറ്റണ്‍ കൈമാറി. എന്നാല്‍ മൂത്തമകനായ ബിലാല്‍ പിതാവിന്റെ ഈ കച്ചവടത്തിനോട് താത്പര്യം കാണിച്ചില്ല. നാട്ടിലെ ഒരു രാഷ്ട്രീയകക്ഷിയിലെ സജീവ പ്രവര്‍ത്തകനാണ് ബിലാല്‍.

വിവാഹ ബന്ധത്തിലൂടെയും വ്യാപാരശൃംഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ ഷെയ്ക്ക്  ശ്രദ്ധ ചെലുത്തി. കാഷ്മീരിലെ പ്രമുഖ മയക്കുമരുന്ന് വ്യാപാരികളിലൊരാളായ അഷ്‌റഫിന്റെ മകള്‍ തമന്നയുമായി ആരിഫിന്റെ വിവാഹം നടത്തി. കാഷ്മീര്‍, ഉത്തര്‍പ്രദേശ്, മുംബൈ, താനെ എന്നിങ്ങനെ ഹാഷിഷ് വ്യാപാരം ഊര്‍ജിതമായി പുരോഗമിച്ചു.

പണി പാളാതിരിക്കാന്‍…

വളരെ ആസൂത്രിതമായാണ് ഓരോ ഘട്ടവും ഷെയ്ക്ക്  കൈകാര്യം ചെയ്യുന്നത്. കാഷ്മീരില്‍ നിന്നു മകന്റെ ഭാര്യപിതാവായ അഷ്‌റഫിന്റെ സഹായത്തോടെ ഹാഷിഷ് കടത്തും. ഒട്ടേറെ കാഷ്മീരി കുടുംബങ്ങള്‍ ഈ തൊഴിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. കാഷ്മീരില്‍ നിന്നു ഹാഷിഷുമായി ബസില്‍ ഡല്‍ഹിയിലെ ത്തും. അവിടുന്ന് മുംബൈയിലേക്കുള്ള യാത്ര ട്രെയിന്‍മാര്‍ഗമാണ്. മുംബൈയില്‍ ഷെയ്ക്കിനും കുടുംബാംഗ ങ്ങള്‍ക്കും ബാഗ്     കൈമാറും. ബാഗ്     കൈമാറുന്നത് ട്രെയിനിലാണ്. പ്ലാറ്റ്‌ഫോം സുരക്ഷിതമല്ലെന്ന് ഷെയ്ക്കിനും കൂട്ടര്‍ക്കും വ്യക്തമായി അറിയാം. പ്ലാറ്റ്‌ഫോമിലെ സിസി ടിവി കാമറകളില്‍ നിന്നു രക്ഷപ്പെടാന്‍ ട്രെയിന്‍ തന്നെ ഉചിതമായ കൈമാറ്റസ്ഥലം. ദൗത്യം പൂര്‍ത്തിയായാല്‍ കടത്തുകാര്‍ അടുത്ത ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കും. കൈമാറ്റവും തിരികെയുള്ള ട്രെയിന്‍ പിടിക്കലുമൊക്കെ ചിട്ടയോടെയും സൂക്ഷ്മതയോടെയുമാ ണെന്നതും ശ്രദ്ധേയം.

പെട്ടു, മൂന്നു വട്ടം… എന്നിട്ടും
mayakkumarunnu1
മുംബൈ പോലീസിന്റെ വലയില്‍ ഷെയ്ക്ക്  മൂന്നു തവണ അകപ്പെട്ടിട്ടുണ്ട്. ഹാഷിഷ് കടത്തിയതിനാണ് മൂന്നു പ്രാവശ്യ വും അറസ്റ്റ് ചെയ്യപ്പെട്ടത്. 1996-ല്‍ ആദ്യമായി പിടിയിലായപ്പോള്‍ കൈയിലുണ്ടായിരുന്നത് 400 ഗ്രാം മയക്കുമരുന്ന്. 2008- ല്‍ 60 കിലോഗ്രാം മയക്കുമരുന്നു മായാണ് ഷെയ്ക്ക് പോലീസിന്റെ കൈയില്‍പ്പെട്ടത്.  2013 -ല്‍ ഷെയ്ക്കിന്റെ വീട്ടില്‍ നിന്നും 1.20 കിലോഗ്രാം ഹാഷിഷ് പോലീസ് പിടിച്ചെടുത്തു. എട്ടു മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച  ഷെയ്ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങി. ഇക്കുറി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഷെയ്ക്കിനെ മാത്രമല്ല, മകന്‍ അര്‍ഷദിനെയും മരുമകന്‍ അബ്ദുള്‍ കാരോബാരിയെയും തന്ത്രപൂര്‍വം കുടുക്കി.

പോലീസിന്റെ നാള്‍വഴിപ്പട്ടികയില്‍ ഷെയ്ക്കിന്റെ  കുടുംബാംഗങ്ങള്‍ പലരും നേരത്തെ  കടന്നുകയറിയതാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം ആരിഫിനെതിരേ നാലു പ്രാവശ്യവും കാരോബാരിയുടെ പേരില്‍ രണ്ടു തവണയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷെയ്ക്കിന്റെ ഇളയ സഹോദരന്‍ അധോലോക നായകന്‍ ഛോട്ടാ ഷക്കീലിന്റെ സംഘാംഗമാണ്. 1990 ലെ ഒരു ഏറ്റുമുട്ടലില്‍ അയാള്‍ കൊല്ലപ്പെട്ടു. ഷെയ്ക്കിന്റെ ഭാര്യ നസ്മയെ 2010 -ല്‍ 15 കിലോ ഹാഷിഷുമായി വീട്ടില്‍ നിന്നു പോലീസ് പിടികൂടി. ഇത്തരം ഊരാക്കുടുക്കുകളില്‍ നിന്നു രക്ഷപ്പെടാനുള്ള മറയായി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും നസ്മ പ്രവര്‍ത്തിക്കുന്നു. 35 വര്‍ഷമായി ഈ വ്യാപാരത്തില്‍ വ്യാപൃതനായ ഷെയ്ക്കിന് ജാല്‍ഗാവിലെ ഷാലിമാര്‍ ഹോട്ടല്‍ അടക്കം സ്വന്തമായി നിരവധി വസ്തുവകകളുണ്ട്. മുംബൈയിലും താനെയിലും തന്റെ ബന്ധുക്കളുടെ പേരില്‍ ഷെയ്ക്കിന് അനേകം ഫ്‌ളാറ്റുകളുമുണ്ടെന്നും അധികൃതര്‍ പറയുന്നു.
1980 -കളില്‍ ഒരു കിലോ ഹാഷിഷിന് 1,200 രൂപയാ യിരുന്നു വില. ഇപ്പോഴോ, രണ്ടു ലക്ഷം രൂപയും. ഷെയ്ക്ക് ബിസിനസ് ആരംഭിച്ച സമയത്തേതിനെക്കാള്‍ എത്രയോ ഇരട്ടിയാണ് നിലവില്‍ ഈ ലഹരിയുടെ വില.  മാത്രമല്ല, കാര്യമായ ലാഭവുമുണ്ട്. ഇടയ്ക്ക് മൂന്നു തവണ അധികൃതരുടെ വലയില്‍ കുരുങ്ങിയെങ്കിലും ഷെയ്ക്ക് ബിസിനസ് അവസാനിപ്പിക്കാഞ്ഞതിനു കാരണവും മറ്റൊന്നല്ല.

കണക്കുകള്‍ കഥ പറയുന്നു…

കാഷ്മീരി ഹാഷിഷിന് എക്കാലത്തും നല്ല ഡിമാന്‍ഡാണ്. കാഷ്മീരില്‍ നിന്നു ന്യൂഡല്‍ഹി വഴി മുംബൈയില്‍ ഹാഷിഷ് എത്തിച്ച് കൈമാറ്റം നടത്തുന്നതിനിടയില്‍ സ്ത്രീകള്‍ അടക്കം പലരും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കെണിയില്‍ വീണിട്ടുണ്ട്. ഹാഷിഷുമായി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന സ്ത്രീകളില്‍ ചിലര്‍ കുട്ടികളെയും കൂടെ കൂട്ടാറുണ്ടെന്ന് എന്‍സിബി അധികൃതര്‍ ചൂണ്ടിക്കാട്ടി. പോലീസിനും മറ്റും സംശയം തോന്നാതിരിക്കാനുള്ള എളുപ്പവഴിയാണിതത്രെ. പ്രതിഫലം ഓണ്‍ലൈനായി കൈപ്പറ്റുന്നവരും കുറവല്ല. മയക്കുമരുന്ന് കടത്ത് യഥേഷ്ടം നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹിയും മുംബൈയും നേരത്തെ തന്നെ ഇടം പിടിച്ചതാണ്.

ഹാഷിഷ് കേസുകളുടെ തോതില്‍ ഓരോ വര്‍ഷവും ഇടിവും വര്‍ധനവും സംഭവിക്കുന്നുണ്ടെന്ന് നാഷണല്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു. 2012 -ല്‍ 2,031 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3,385 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുക്കുകയുമുണ്ടായി. തൊട്ടടുത്ത വര്‍ഷം 4,407 കിലോഗ്രാം ഹാഷിഷ് കണ്ടെടുത്തു. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ – 2,430. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഹാഷിഷ് പിടിച്ചെടുക്കപ്പെട്ടതും ഇക്കാലയളവിലാണ്. 2014 -ല്‍ 2,280 കിലോഗ്രാം ഹാഷിഷും 2015 -ല്‍ 3,349 കിലോഗ്രാമും പിടികൂടി. 2016 ഒക്‌ടോബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 1,943 കേസുകളിലായി 2,071 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തിട്ടുണ്ട്.

Related posts