അമ്പലപ്പുഴ: സൗജന്യമായി നല്‍കേണ്ട വാഴവിത്തിനു കൃഷി ഉദ്യോഗസ്ഥന് പണം വാങ്ങിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അമ്പലപ്പുഴ വടക്കു ഗ്രാമപഞ്ചായത്ത് കൃഷി അസിസ്റ്റന്റാണ് വാഴവിത്തിന് അഞ്ചുരൂപ വീതം ഈടാക്കിയത്. ഒരു സെന്റിന് ഒരു വാഴവിത്തു വീതം സൗജന്യമായി നല്‍കാനായി മൂവായിരത്തോളം വാഴവിത്തുകളാണ് കൃഷിഭവനില്‍ എത്തിയത്.
കരമടച്ച രസീതിന്റെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്കു ഒരു സെന്റിന് ഒരു വാഴവിത്തു വീതം നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതു വാങ്ങാനെത്തിയവരില്‍ നിന്ന് വാഴവിത്ത് ഒന്നിന് അഞ്ചുരൂപ വീതം ഈടാക്കുകയായിരുന്നു. പണം നല്കിയ ചിലര്‍ മറ്റു കൃഷിഭവനില്‍ അന്വേഷിച്ചപ്പോഴാണ് ഇവ സൗജന്യമായാണ് നല്കിയതെന്നറിഞ്ഞത്. തുടര്‍ന്നു ഉപഭോക്താക്കളില്‍ ചിലര്‍ വിജിലന്‍സിനും ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഇതു കൂടാതെ കൃഷിഭവനുള്ളില്‍ രാത്രികാലങ്ങളില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ മദ്യപാനമാണെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. നിലവില്‍ കൃഷി ഓഫീസര്‍ സ്ഥലം മാറിപ്പോയതിനാല്‍ കൃഷി അസിസ്റ്റന്റാണ് ഈ ചുമതല വഹിക്കുന്നത്.