ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസികള്‍ക്കെതിരെ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകളാണെന്ന് മനുഷ്യവകാശ കമ്മീഷന്. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസി സ്ത്രീകളെ ഛത്തീസ്ഗഡ് പോലീസ് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്ഥിരീകരിച്ചു. രണ്ട് വര്‍ഷം മുന്‍പ് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷണം നടത്തിയത്.
വെട്ടി സത്യം എന്നയാളുടെ വീട് അന്വേഷിച്ച് എത്തിയ പോലീസ് അമ്മയായ യുവതിയോട് ബ്ലൗസ് അഴിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടതായി ഗ്രാമവാസികളായ സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. കുളിച്ചു കൊണ്ടിരുന്ന യുവതിയെ പോലീസ് ഓടിച്ചിട്ടു പിടിച്ചു. മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ സേന ഒരിക്കല്‍ പെണ്‍കുട്ടികളെ കാഴ്ചവയ്ക്കാന്‍ ആവശ്യപ്പെട്ടതായി കരം മുംഗി എന്ന ഗ്രാമവാസിയുടെ വെളിപ്പെടുത്തല്‍. അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടാണ് സേന പോയത്. തോക്ക് കൊണ്ട് അടിയേറ്റതിന്റെ വേദനയുമായാണ് ഗ്രാമത്തിലെ മറ്റൊരു യുവതി ജീവിക്കുന്നത്.
മാവോയിസ്റ്റുകളെ തേടി പോലീസും അര്‍ധ സൈനിക വിഭാഗവുമാണ് ആദിവാസി ഊരുകളില്‍ എത്തുന്നത്. ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയിലെ ഗ്രാമങ്ങളിലാണ് പോലീസിന്റെ ഇത്തരത്തിലുള്ള ക്രൂരത നടക്കുന്നത്. മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിനെ തുടര്‍ന്ന് മരണത്തിന്റെ വക്കോളം എത്തിയ അനുഭവമാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി പങ്കുവച്ചത്. പോലീസിന്റെ നേതൃത്വത്തില്‍ ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറിയിട്ടും കളക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടാനോ പീഡനം അന്വേഷിക്കാനോ തയ്യാറായിട്ടില്ല.