ശബരിമല: മകരവിളക്കിന് മുന്നോടിയായി ആരോഗ്യവകുപ്പ് ക്രമീകരണങ്ങള്‍ വിപുലപ്പെടുത്തി. അയ്യപ്പഭക്തര്‍ക്കായി കൂടുതല്‍ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. സന്നിധാനം മുതല്‍ പത്തനംതിട്ടവരെയും വഴിയിലൂടനീളം ആരോഗ്യവകുപ്പിന്റെ ചികിത്സകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് കൂടുന്നതിനനുസരിച്ച് ചികിത്സാ സൗകര്യങ്ങളും മെച്ചപ്പെടുത്താന്‍ എല്ലാ കേന്ദ്രങ്ങളിലും കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചതായി സന്നിധാനം നോഡല്‍ ഓഫീസര്‍ ഡോ.സുരേഷ്ബാബു പറഞ്ഞു.
എല്ലാ കേന്ദ്രങ്ങളിലും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ആവശ്യത്തിനുള്ള മരുന്നുകളും മുന്‍കൂട്ടി എത്തിച്ചിട്ടുണ്ട്. നിലവിലുള്ള വൈദ്യസഹായ കേന്ദ്രങ്ങള്‍ക്ക് പുറമെ അടിയന്തര ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാണ്. മലകയറ്റത്തില്‍ ഇടവിട്ട് സ്ട്രെക്ചര്‍ പോയിന്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹില്‍ടോപ്പ്, ഹില്‍ഡൗണ്‍, ത്രിവേണി മണപ്പുറം, ചെക്ക്പാലം, ചാലക്കയം എന്നിവിടങ്ങളിലുള്ള ആരോഗ്യവകുപ്പിന്റെ വൈദ്യസഹായ യൂണിറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
മകരവിളക്ക് ദര്‍ശിക്കാന്‍ സ്വാമിമാര്‍ കൂട്ടത്തോടെ തമ്പടിക്കുന്ന സ്ഥലങ്ങളിള്‍ പ്രത്യേക ആംബുലന്‍സുകളും ചികിത്സായൂണിറ്റും എത്തിച്ചിട്ടുണ്ട്. കൂടാതെ പ്ലാപ്പള്ളി ഏരിയ, എലവുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും ആംബുലന്‍സുകള്‍ ഉണ്ടാകും. സന്നിധാനത്തെ ആശുപത്രിയില്‍ ഹൃദ്രോഗവിദഗ്ധരടക്കം 12 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. 22 പാരാമെഡിക്കല്‍ ജീവനക്കാരും ഇവിടെയുണ്ട്. മുഴുവന്‍ സമയ സേവനവുമായി എക്സറേയൂണിറ്റും ഓപ്പറേഷന് തീയറ്ററും എമര്‍ജന്‍സി ആംബുലന്‍സും ക്രമീകരിച്ചുണ്ട്്. പമ്പയിലെ ആരോഗ്യഭവനില്‍ എട്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഏഴ് അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുന്‍സുകളും ലഭ്യമാക്കിയിട്ടുണ്ട്.
അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളുടെ സേവനവും ആവശ്യഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജ് വരെയുള്ള മുഴുവന്‍ ആതുരാലയങ്ങളിലും അയ്യപ്പഭക്തന്മാര്ക്ക് ഏതു ഘട്ടത്തിലും ചികിത്സ നല്കാന് സന്നദ്ധമാണ്.