ആര്‍ട്ടിസ്റ്റ് ബേബിയും മുത്താണ്! രാജ്യസ്‌നേഹിയുടെ സര്‍ട്ടിഫിക്കറ്റ് തേടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല; ഒറ്റയാള്‍ നാടകവുമായി അലന്‍സിയര്‍

bxfbസോണിയ മാത്രമല്ല, സോണിയയുടെ പിതാവ് ആര്‍ട്ടിസ്റ്റ് ബേബിയും മുത്താണ്. മനസിലായില്ലല്ലേ? മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ആര്‍ട്ടിസ്റ്റ് ബേബി എന്ന കാഥാപാത്രത്തെ അവതരിപ്പിച്ച അലന്‍സിയറാണ് ഇപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ മുത്തായിരിക്കുന്നത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെയുള്ള ആരോപണങ്ങളില്‍ പ്രതിഷേധിക്കാനാണ് ഒറ്റയാള്‍ നാടകവുമായി അലന്‍സിയര്‍ തെരുവ് അരങ്ങാക്കിയത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അലന്‍സിയറുടെ പ്രതിഷേധ നാടകാവതരണം. ഒറ്റമുണ്ടുടുത്തു കയ്യില്‍ കിലുക്കാംപെട്ടിയുമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അലന്‍സിയര്‍ ആമുഖം ഒന്നുമില്ലാതെ നാടകം തുടങ്ങുകയായിരുന്നു.

അമേരിക്കയില്‍ പോകാന്‍ ടിക്കറ്റ് വേണമെന്നായിരുന്നു ആവശ്യം. രാജ്യസ്‌നേഹിയുടെ സര്‍ട്ടിഫിക്കറ്റ് തേടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് അമേരിക്കയിലേക്കോ പോര്‍ച്ചുഗലിലേക്കോ രക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ആരെങ്കിലും വരുന്നുണ്ടോയെന്നു ബസുകളില്‍ കയറി യാത്രക്കാരോട് ആരാഞ്ഞു. ഇതിനിടെ കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സംഘവുമെത്തി. തുടര്‍ന്ന് സായ്പിന്റെ വേഷം അഭിനയിച്ചുകാണിച്ചതോടെ കയ്യടി ഉച്ചത്തിലായി. പത്തു മിനിറ്റാണ് ഏകാംഗ നാടകം നീണ്ടത്.

ഇന്ത്യയില്‍ ജനിച്ച തനിക്ക് ഇവിടെത്തന്നെ ജീവിക്കാനുള്ള പ്രതിരോധമാണ് ഈ പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു. നടനായ താന്‍ നടിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. പ്രധാനമന്ത്രിയും അനുയായികളും രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആളായിട്ടില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ സിനിമയുടെ ചിത്രീകരണത്തിനാണ് അലന്‍സിയര്‍ കാസര്‍കോട്ടെത്തിയത്.

മറ്റുള്ളവര്‍ മിണ്ടാതിരുന്നാലും സ്വന്തമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് അറിയിച്ചാണ് അലന്‍സിയര്‍ ഓട്ടോറിക്ഷയില്‍ മടങ്ങിയത്. നടനെയും ക്യാമറയേയും ഒക്കെ കണ്ടപ്പോള്‍ ഏതോ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണെന്നാണ് പല ആളുകളും കരുതിയത്. എന്നാല്‍ പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്.

 

Related posts