ഇത് പാലം കല്യാണസുന്ദരം, തിരുനെല്‍വേലിയിലെ ഒറ്റമുറി വീട്ടില്‍നിന്ന് ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ മനുഷ്യന്‍

kalyanasundaramസമ്പാദ്യത്തിന്റെ ചെറിയൊരംശം പോലും പാവങ്ങള്‍ക്കായി ചെലവഴിക്കാന്‍ തയാറാകാത്തവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. എന്നാല്‍ അത്തരക്കാരില്‍ നിന്നെല്ലാം വ്യത്യസ്തനായി ഒരു ആയുഷ്ക്കാലം മുഴുവന്‍ താന്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണം മുഴുവന്‍ പാവങ്ങള്‍ക്കായി നീക്കിവച്ച ആളാണ് കല്ല്യാണസുന്ദരം എന്ന തിരുനെല്‍വേലിക്കാരന്‍.

1953 ല്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലായിരുന്നു പി കല്ല്യാണസുന്ദരത്തിന്റെ ജനനം. സെന്റ് സേവ്യേഴ്‌സ് കോളജില്‍ പ്രഥമിക വിദ്യാഭ്യാസം. സ്ത്രീകളുടേത് പോലുള്ള തന്റെ പതിഞ്ഞ ശബ്ദത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യണമെന്ന് പോലും ചെറുപ്പത്തില്‍ ആലോചിച്ചിരുന്നു. തമിഴ്‌വാനന്‍ എന്ന എഴുത്തുകാരനാണ് ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കാന്‍ കല്ല്യാണസുന്ദരത്തെ പ്രേരിപ്പിച്ചത്. “നിങ്ങള്‍ എങ്ങനെ സംസാരിക്കുന്നു എന്നതല്ല പ്രശ്‌നം, മറിച്ച്, നിങ്ങളെക്കുറിച്ച് ആളുകള്‍ നല്ലതു പറയുന്നുണ്ടോ എന്നാണ് ശ്രദ്ധിക്കേണ്ടത്’ എന്നാണ് അദ്ദേഹം കല്ല്യാണസുന്ദരത്തെ ഉപദേശിച്ചത്.

‘പാലം’ എന്നൊരു സംഘടന നടത്തുകയാണ് കല്ല്യാണരാമന്‍ ഇപ്പോള്‍. പണവും മറ്റ് വസ്തുക്കളും സുമനസ്കരായ ആളുകളുടെ കൈയില്‍ നിന്ന് വാങ്ങി ആവശ്യക്കാരുടെ കൈയില്‍ എത്തിക്കുകയാണ് ഈ സംഘടന ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിലെ സവിശേഷ വ്യക്തിത്വം എന്ന യുണൈറ്റഡ് നാഷന്‍സിന്റെ വിശേഷണത്തിനും കല്ല്യാണരാമന്‍ അര്‍ഹനായി. കൂടാതെ ഒരു അമേരിക്കന്‍ സംഘടനയുടെ മാന്‍ ഓഫ് ദ മില്ലേനിയം അവാര്‍ഡിനും കല്ല്യാണരാമന്‍ അര്‍ഹനായിരുന്നു. ഇതിനൊക്കെ പുറമേ, രാജ്യത്തെ ഏറ്റവും മികച്ച ലൈബ്രേറിയനായും ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിലൊന്നായും കല്ല്യാണരാമനെ തെരഞ്ഞെടുക്കുകയുണ്ടായി.

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് ചേരിനിവാസികളായ കുട്ടികളെ സഹായിക്കാനായി കല്ല്യാണസുന്ദരം അന്താരാഷ്ട്ര ശിശുക്ഷേമ സംഘടനയ്ക്ക് രൂപം കൊടുത്തത്. സാമൂഹ്യ സേവനത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ചുവടുവയ്പായിരുന്നു അത്. ഇന്ത്യ- ചൈന യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സ്വര്‍ണമാല സംഭാവന ചെയ്തുകൊണ്ട് പത്രങ്ങളില്‍ വാര്‍ത്തയാക്കുകയും ചെയ്തു.

ഈ വാര്‍ത്ത കണ്ട് അനേകര്‍ക്ക് പ്രചോദനമാവുകയും കൂടുതല്‍ സംഭവനകള്‍ ലഭിക്കുകയും ചെയ്യുമെന്നായിരുന്നു കല്ല്യാണരാമന്‍ കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹം ഇത് പബ്ലിസിറ്റിയ്ക്കു വേണ്ടി ചെയ്യുന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയുണ്ടായി. അഞ്ച് വര്‍ഷത്തെ സമയം തരാം അതിന് മുമ്പ് തന്റെ ആത്മാര്‍ത്ഥത തെളിയിക്കുക എന്നാണ് അന്നത്തെ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ കല്ല്യാണരാമനോട് പറഞ്ഞത്.

കോളജ് ലൈബ്രേറിയനായി ജോലിക്ക് കയറിയ കല്ല്യാണരാമന്‍ തനിക്ക് ലഭിച്ചിരുന്ന 140 രൂപ ശമ്പളത്തില്‍ നിന്ന് 100 രൂപ പാവപ്പെട്ട കുട്ടികള്‍ക്കായാണ് ചെലവഴിച്ചിരുന്നത്. അഞ്ച് വര്‍ഷം ഇത് തുടര്‍ന്നു. പിന്നീട് തനിക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും സംഭാവന ചെയ്യാന്‍ തുടങ്ങി. സ്വന്തം ആവശ്യങ്ങള്‍ക്കായി ഹോട്ടലുകളിലും അലക്കുകടകളിലും മറ്റും ജോലി ചെയ്തു. പിന്നീട് 27 വര്‍ഷത്തേയ്ക്ക് ഇത് തുടര്‍ന്നു. ഇതൊന്നും ആരും അറിഞ്ഞുമില്ല.

1990 ല്‍ യുജിസിയില്‍ നിന്ന് ശമ്പളത്തിന്റെ മിച്ചവും മറ്റ് ആനുകൂല്യങ്ങളുമായി ലഭിച്ച ഒരു ലക്ഷം രൂപ, കല്ല്യാണരാമന്‍ അനാഥക്കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി ജില്ലാ കളക്ടറെ ഏര്‍പ്പിക്കുകയുണ്ടായി. ഇക്കാര്യവും പുറം ലോകം അറിയരുതെന്ന് കല്ല്യാണരാമന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കളക്ടറിലൂടെ അത് ജനങ്ങള്‍ അറിഞ്ഞു. കല്ല്യാണരാമന്റെ അതുവരെയുള്ള ജീവിതവും മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചു. ധാരാളം അവാര്‍ഡുകളും ്അദ്ദേഹത്തെ തേടിയെത്തി. മാന്‍ ഓഫ് ദി മില്ലേനിയം അവാര്‍ഡ് സ്വന്തമാക്കിയ അദ്ദേഹം അന്ന് സമ്മാനമായി കിട്ടിയ 30 കോടി രൂപയും പാവങ്ങള്‍ക്കായി സംഭാവനചെയ്യുകയാണുണ്ടായത്.

45 വര്‍ഷത്തോളം കുട്ടികളുടെ ക്ഷേമത്തിനായി നീക്കിവച്ച അദ്ദേഹം 1998ല്‍ റിട്ടയര്‍ ചെയ്തതിന് ശേഷം തന്റെ സേവനം വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയും ‘പാലം’ എന്നൊരു പദ്ധതിയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. ദാതാക്കളെയും ഗുണഭോക്താക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് പാലം പ്രവര്‍ത്തിച്ചു വരുന്നത്. പണം മാത്രമായിരുന്നില്ല ഇത്തരത്തില്‍ സംഭാവന ചെയ്തിരുന്നത്.

ബഌഡ് ഡൊണേഷന്‍ ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ നടത്തിവരുന്നു. തൊഴില്‍രഹിതര്‍ക്കും വൃദ്ധര്‍ക്കും അംഗപരിമിതര്‍ക്കുമുള്ള സഹായം ഇവര്‍ നല്‍കി വരുന്നു. സമൂഹത്തിനായി ഒരു പങ്ക് നല്‍കിയില്ലെങ്കില്‍ നമുക്ക് നിലനില്‍പ്പില്ല, ഒരാളെങ്കിലും തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു പങ്ക് പാവങ്ങള്‍ക്ക് നല്‍കാന്‍ തയാറായാല്‍ അത് സമൂഹത്തില്‍ മുഴുവന്‍ മാറ്റമുണ്ടാക്കും. കല്ല്യാണസുന്ദരം പറയുന്നു.

Related posts