പഞ്ചാബിലെ ലുധിയായിലുള്ള സൗത്ത് സിറ്റി റോഡിലാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. അതും ജനുവരി ഏഴിന്. ഇത്ര പഴയ വാര്‍ത്ത എന്തിനാണ് ഇവിടെ നല്കുന്നതെന്ന് വായനക്കാര്‍ക്ക് സംശയം കാണും. ജീവിതം ആഘോഷിക്കുന്ന നമ്മുടെ യുവത്വം അശ്രദ്ധയും ലഹരിയും മൂലം വിളിച്ചുവരുത്തുന്ന അപകടങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്‍ മാത്രമാണ് ഈ വാര്‍ത്ത ഇപ്പോള്‍ നല്കുന്നത്.
ബിടെക് വിദ്യാര്‍ഥികളായ മൂന്നു യുവാക്കളും ഡിഗ്രിക്കു പഠിക്കുന്ന രണ്ടു യുവതികളും (സായ്‌യം അറോറ, അക്ഷിത് ഗ്രോവര്‍, ഗൗരീഷ് വര്‍മ, രാഷികാ ബസി, ഈശാനി ജിന്‍ഡാല്‍) കൂടി അവരവരുടെ വീടുകളില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഒരു ഹോണ്ടാ സിറ്റി കാറില്‍ തിരിച്ചതാണ്. അഞ്ചുപേരും ഒരേ നാട്ടുകാരും സുഹൃത്തുക്കളുമായിരുന്നു. എല്ലാവരുടെയും പ്രായം 22 നും 24 നുമിടയില്‍. സയ്യമിനു മൂന്നുമാസം മുന്‍പ് മാതാപിതാക്കള്‍ വാങ്ങിനല്കിയതാണ് ഹോണ്ടാ സിറ്റി കാര്‍. അഞ്ചുപേര്‍ക്കും കോളേജ് അവധിയായതിനാല്‍ ഇന്നലെ പുറത്തുപോകാന്‍ പരിപാടിയിട്ടു. സയ്യാമിന്റെ ഹോണ്ടാ സിറ്റിയില്‍ ഉച്ചക്ക് ഒരു മണിക്ക് വീടുകളില്‍ നിന്ന് പുറപ്പെട്ട ഇവര്‍ പല സ്ഥലത്തും കറങ്ങി സൗത്ത് സിറ്റി റോഡിലെ കനാല്‍ക്കരിയിലുള്ള വിദേശമദ്യക്കടയില്‍ നിന്ന് നാലു കുപ്പി ബിയര്‍ വാങ്ങി കാറിനുള്ളില്‍വച്ചു തന്നെ അത് എല്ലാവരും കഴിച്ചു.
അതിനുശേഷം കുറച്ചു മുന്നോട്ടു പോയി ഒരു ചായക്കടക്കുമുന്നില്‍ കാര്‍ നിര്‍ത്തി 5 പേരും താഴെയിറങ്ങി ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ഒരു സെല്‍ഫിയും (രണ്ടാമത്തെ ചിത്രം) എടുത്തു. എല്ലാവരും മദ്യലഹരിയിലായിരുന്നു. കാലുകള്‍ ആടുന്നുണ്ടായിരുന്നു-ചായക്കട നടത്തുന്ന വൃദ്ധന്‍ പറയുന്നു. തൊട്ടുപിന്നാലെ അവര്‍ അവിടെനിന്ന് യാത്രതിരിച്ചു. 150 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ടു റോഡരികിലുള്ള ഒരു പാറയില്‍ത്തട്ടി എതിര്‍വശത്തെ മരത്തില്‍ തട്ടി ഛിന്നഭിന്നമായി. ഗൗരീഷിന്റെ തലച്ചോറ് മരത്തില്‍ ചിതറിത്തെറിച്ചു.
ഒരു പെണ്‍കുട്ടിയുടെ നെഞ്ചുഭാഗം വച്ച് രണ്ടായി മുറിഞ്ഞു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ കാലുകളും തലയും പിളര്‍ന്നിരുന്നു. സയ്യാമിന്റെ തല ചതഞ്ഞരഞ്ഞു പോയിരുന്നു. അക്ഷിത് ഗ്രോവര്‍ക്ക് ശ്വാസമുണ്ടായിരുന്നു. കാറിന്റെ എന്‍ജിന്‍ അദ്ദേഹത്തിന്റെ നെഞ്ചിലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അക്ഷിതും മരിച്ചു.അങ്ങനെ അവസാന സെല്‍ഫി എടുത്തു 8 മിട്ടുകള്‍ക്കകം ആ അഞ്ചു പേരും മരണത്തിനു കീഴ്‌പ്പെട്ടു. മദ്യപിച്ചതും അമിതവേഗവുമാണ് അപകട കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.