ചരിത്രപരമായ ഒരു വിലക്കിനുള്ള പ്രാരംഭ നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ് റഷ്യ. പുകവലിയെ പടിക്കു പുറത്തുനിര്‍ത്താനുള്ള നിയമമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2015ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി ഉത്പനങ്ങള്‍ വില്ക്കാന് പാടില്ല’എന്ന നിയമം കൊണ്ടുവരാനാണ് പദ്ധതി. പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ ആശീര്‍വാദത്തോടെയാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
2015 ല്‍ ജനിക്കുന്നവര്‍ പതിനെട്ട് വയസ് പൂര്‍ത്തീകരിക്കുന്ന 2033ലായിരിക്കും പദ്ധതിയുടെ ഫലം കണ്ടു തുടങ്ങുക. ഭാവിയിലേക്ക് നോക്കിയുള്ള നിയമമാണിതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിരന്തരമായ പ്രചരണം മൂലം റഷ്യയില്‍ പുകവലിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 10 ശതമാനത്തിന്റെ കുറവുണ്ടായി. ഞങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ്, ആദര്‍ശപരമായ ഒരു ലക്ഷ്യമാണ് ഇത്-റഷ്യന്‍ പാര്‍ലമെന്റംഗം നിക്കൊളായി ഗെരാസ്മേന്കോ പറയുന്നു. പക്ഷെ ഈ നിയമം നിര്‍ബന്ധപ്പൂര്‍വ്വം നടപ്പാക്കാന്‍ കഴിയുമോ എന്നുള്ളത് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.