തൊടുപുഴ: ജീവിത പ്രതിസന്ധിയെ കലയുടെ പടവാള്‍കൊണ്ട് നേരിട്ട് വിജയ കിരീടം ചൂടിയ കൊച്ചു കലാകാരിയ്ക്ക് ചലചിത്രതാരം ജാഫര്‍ ഇടുക്കിയുടെ സ്‌നേഹ സമ്മാനം. റവന്യൂ ജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം കുച്ചുപ്പുടിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ ദേവിക പ്രദീപിന്റെ നിര്‍ധനാവസ്ഥ മനസിലാക്കിയാണ് ജാഫര്‍ ഇടുക്കി പുത്തനുടുപ്പുമായി ദേവികയെ കാണാനെത്തിയത്. കലോത്സവത്തില്‍ വിജയ കിരീടം ചൂടിയ മകള്‍ക്ക് അച്ഛന്‍ പുത്തനുടുപ്പുമായി എത്തിയ വാര്‍ത്ത ഏറെ ജന ശ്രദ്ധനേടിയിരുന്നു.
പടി. കോടിക്കുളത്ത് വാടക വീട്ടിലാണ് അച്ഛന്‍ പ്രദീപിനും അമ്മ രാജിയ്ക്കും മൂന്നു സഹോദരങ്ങള്‍ക്കുമൊപ്പം ദേവിക താമസിക്കുന്നത്. ദേവികയുടെ കലാകാരിയാവാനുള്ള കഷ്ടപ്പാടുകള്‍ മനസിലാക്കിയ ജാഫര്‍ ഇടുക്കി ഉടുപ്പ് സമ്മാനമായി നല്‍കി. ഇന്നലെ രാവിലെ 10.30 ഓടെ സ്കൂളിലെത്തിയ ജാഫര്‍ വിദ്യാര്‍ഥികളുമായി സംവാദം നടത്തുകയും ദേവികയുടെ തുടര്‍പഠനത്തിനും കാലാരംഗത്തെ ശോഭന ഭാവിക്കുമായി പദ്ധതികള്‍ അധ്യാപകരുമായി ആലോചിക്കുകയും ചെയ്തു. ചലചിത്രലോകത്തെ ചിലരുടെ സഹായത്താല്‍ ദേവികയ്ക്ക് വീട് നിര്‍മിച്ചു നല്‍കാനും ആലോചനയുണ്ട്. കലാ ക്ഷേത്രത്തില്‍ ഉപരിപഠനം നടത്തണമെന്നാണ് ദേവികയുടെ ആഗ്രഹം. കലോത്സവത്തില്‍ കുച്ചിപ്പുടിയില്‍ ഒന്നാംസ്ഥാനവും മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും രണ്ടാംസ്ഥാനവും ദേവിക കരസ്ഥമാക്കിയിരുന്നു.