പുനലൂര്‍: സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലമായതായി മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബുബേബി ജോണ്‍. പുനലൂര്‍ രാജരോഹിണി ഹാളില്‍ നടന്ന ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് ഏറെ വലുതാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഒരിക്കലും തകരാന്‍ പാടില്ല. എല്ലാ ജനവിഭാഗങ്ങളെയും ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ പറ്റുന്ന പ്രസ്ഥാനം കോണ്‍ഗ്രസാണ്. അതിനാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം രാജ്യത്ത് നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷ സമുദായത്തിലെ യുവാക്കള്‍ ഇന്ന് ബിജെപിയോടൊപ്പം പോകുകയാണ്. അതുകൊണ്ടുതന്നെ ബിജെപി സംസ്ഥാനത്ത് ശക്തിപ്രാപിച്ചുവരുന്നു. കേരളത്തില്‍ ഭരണസ്തംഭനം നിലനില്ക്കുന്നു. പാവപ്പെട്ടവന് റേഷനരി നല്‍കാന്‍പോലും കഴിയാത്ത സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഷിബു ബേബിജോണ്‍ ആരോപിച്ചു.
ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്പി മണ്ഡലം സെക്രട്ടറി എം. നാസര്ഖാന്, പി. വര്‍ഗീസ്, കാട്ടയ്യം സുരേഷ്, അബ്ദുല്‍ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു.ജനകീയ മുന്നേറ്റ സമിതി നേതാക്കളായ എസ്. രജിരാജ്, അയ്യപ്പരാജ്, ഫസലുദീന്, സദാശിവന് ആചാരി എന്നിവരുടെ നേതൃത്വത്തില്‍ നിരവധിയാളുകള്‍ ആര്എസ്പിയില് ലയിച്ചു.