ഗുജറാത്ത്: പുതുവര്‍ഷത്തില്‍ വമ്പന്‍ ഭാഗ്യമാണ് ഗുജറാത്തി ബാലന് ഹര്‍ഷ് വര്ദ്ധന് സാലയെ തേടിയെത്തിയത്. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ ഈ 14കാരന് അവതരിപ്പിച്ച ഡ്രോണാണ് താരമായത്. ഡ്രോണ്‍ നിര്‍മിക്കുന്നതിനായി അഞ്ചു കോടി രൂപയ്ക്കാണ് ഹര്‍ഷ് വര്‍ദ്ധനുമായി ഗുജറാത്ത് സര്‍ക്കാര്‍ കരാറൊപ്പിട്ടത്. ശാസ്ത്രവകുപ്പാണ് ഡ്രോണുകള്‍ നിര്‍മിക്കുക. യുദ്ധഭൂമിയില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കുഴിബോംബുകള്‍ കണ്ടെടുക്കാനും നിര്‍വീര്യമാക്കാനും ഈ ഡ്രോണുകള്‍ സഹായിക്കും.
പത്താംക്ലാസ് വിദ്യാര്‍ഥിയായ സാല പരീക്ഷണാര്‍ഥം നിര്‍മിച്ചത് മൂന്ന് ഡ്രോണ്‍ മാതൃകകളാണ്. 2016ലാണ് കുഴിബോംബിന്റെ കണ്ടെത്തല്‍ ലക്ഷ്യമാക്കിയുള്ള ഡ്രോണിന്റെ പണി ആരംഭിക്കുന്നതെന്ന് സാല പറയുന്നു. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കണമെന്നുള്ള ചിന്തയും അന്നു വളര്‍ന്നിരുന്നതായി സാല പറഞ്ഞു. ” ഒരിക്കല്‍ ഞാന്‍ ടിവി വച്ചപ്പോള്‍ കണ്ട ദൃശ്യം കുഴിബോംബ് പൊട്ടി ആളുകള്‍ മരിക്കുന്നതായിരുന്നു. അന്നെനിക്കു മനസിലായി കുഴിബോംബ് അനേകം സൈനികരുടെ ജീവനെടുക്കുന്നുണ്ടെന്നും അനേകം പേര്‍ക്ക് പരിക്കേല്‍പ്പിക്കുന്നുണ്ടെന്നും. അങ്ങനെയാണ് കുഴിബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനും കഴിയുന്ന തരത്തിലുള്ള ഡ്രോണുകള്‍ നിര്മിക്കുന്നതിനേപ്പറ്റി ആലോചിക്കുന്നത്”. സാല പറയുന്നു.
സാല നിര്‍മിച്ച മൂന്നു ഡ്രോണ്‍ രൂപങ്ങള്‍ക്കു കൂടി അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലാണ് ചെലവായത്. ആദ്യ രണ്ടു ഡ്രോണ്‍ മാതൃകകള്‍ക്ക് ചിലവായ 2 ലക്ഷം രൂപ നല്‍കിയത് സാലയുടെ മാതാപിതാക്കളാണ്. മൂന്നാമത്തെ മാതൃക നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ 3 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.ഇന്‍ഫ്രാ റെഡ്, ആര്‍ജിബി സെന്‍സറുകളുപയോഗിച്ചാണ് ഡ്രോണ്‍ കുഴിബോംബുകള്‍ കണ്ടെത്തുന്നത്. മെക്കാനിക്കല്‍ ഷട്ടറോടു കൂടിയ 21 മെഗാപിക്സല്‍ ക്യാമറ ദൃശ്യങ്ങള്‍ മികച്ച വ്യക്തതയോടെ പകര്‍ത്താന്‍ സഹായിക്കും. എട്ടു ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലേക്ക് ഭൂമിയില്‍ നിന്നും രണ്ടടി ഉയരത്തിലാണ് ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ കുഴിബോംബിന്റെ സ്ഥാനം കണ്ടെത്തുകയും ബേസ് സ്റ്റേഷനിലേക്ക് സിഗ്നല്‍ കൊടുക്കുകയും ചെയ്യും. ഡ്രോണിലുള്ള 50 ഗ്രാം ഭാരമുള്ള ബോംബാണ് കുഴിബോംബുകളെ തകര്ക്കാനുപയോഗിക്കുന്നത്. ഡ്രോണ്‍ നിര്‍മിച്ച ശേഷം സെക്യൂരിറ്റി ഏജന്‍സികളെക്കൊണ്ട് പരിശോധിപ്പിക്കാണ് സാല ലക്ഷ്യമിടുന്നത്.
ഡ്രോണിന്റെ പേറ്റന്റ് എയ്റോ ബോട്ടിക്സ് എന്ന സ്വന്തം കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ”എന്റെ ആവശ്യങ്ങള്‍ മനസില്‍ കണ്ടായിരുന്നു ഡ്രോണ്‍ നിര്മിക്കാനാരംഭിച്ചത.് എന്നാല്‍ നിര്‍മാണം പുരോഗമിച്ചപ്പോള്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ കാര്യം ചെയ്യാനാകുമെന്ന് മനസിലായി. ഇതിന്റെ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തതോടെ വേറെ കുറേ പദ്ധതികള്‍ കൂടി എന്റെ മനസില്‍ വന്നിട്ടുണ്ട്”. ബാപ്പു നഗറിലെ സര്‍വോദയ വിദ്യാനഗറിലെ വിദ്യാര്‍ഥിയായ സാലെ പറയുന്നു. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് തനിക്ക് നേട്ടമായതെന്നും ഈ മിടുക്കന് അവകാശപ്പെടുന്നു. പിതാവ് പ്രത്യുമാന്സിന് സാല നരോദയിലെ ഒരു പ്ലാസ്റ്റിക് കമ്പനിയിലെ അക്കൗണ്ടന്റാണ്. അമ്മ നിഷാബാ വീട്ടമ്മയും. ഗൂഗിളിന്റെ അമേരിക്കയിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിക്കുകയാണ് സാലെയുടെ അടുത്ത ലക്ഷ്യം. അവിടെ വച്ച് കൂടുതല്‍ നിക്ഷേപകരുമായി ബിസിനസ് കാര്യങ്ങള്‍ പങ്കുവയ്ക്കാം എന്നാണ് സാലെ കണക്കുകൂട്ടുന്നത്. എല്‍ഡി കോളജില്‍ നടന്ന ശാസ്ത്രപ്രദര്ശനത്തില് ലഭിച്ച സമ്മാനത്തിനൊപ്പമുള്ളതാണ് ഈ അമേരിക്കന്‍ യാത്ര. തന്റെ കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ധാരാളം പേര് മുമ്പോട്ടു വരുമെന്ന് സാലെ ഉറച്ചു വിശ്വസിക്കുന്നു. ഒരിക്കല്‍ തന്റെ കമ്പനി ആപ്പിളിനേക്കാളും, എന്തിന് ഗൂഗിളിനേക്കാളും വലിയ കമ്പനിയാകുമെന്നും സാലെ പ്രതീക്ഷിക്കുന്നു.