വെല്ലിംഗ്ടണ്‍: ഏകദിനത്തിലും ട്വന്റി20യിലും തങ്ങളെ കൊത്തിക്കീറിയ കിവികളോടു ബംഗ്ല കടുവകള്‍ പകരം വീട്ടി. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലന്ഡിനെതിരേ ബംഗ്ലാദേശ് കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 542 റണ്‍സ് എന്ന നിലയിലാണ്. ഒരു ബംഗ്ലാദേശ് താരത്തിന്റെ ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ ഷക്കീബ് അല്‍ ഹസനാണ് സന്ദര്‍ശകരെ കൂറ്റന്‍ സ്കോറിലേക്കു നയിച്ചത്.
276 പന്തുകളില്‍ 31 ഫോറുകള്‍ പായിച്ച് 217 റണ്‍സാണ് ഷക്കീബ് നേടിയത്. ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീം 159 റണ്‍സുമായി ഷക്കീബിനു മികച്ച പിന്തുണ കൊടുത്തതോടെ അഞ്ചാം വിക്കറ്റില്‍ നിരവധി റിക്കാര്‍ഡുകളാണ് സഖ്യം തിരുത്തിക്കുറിച്ചത്. ടെസ്റ്റിലെ നാലാമത്തെ ഏറ്റവുമുയര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും ന്യൂസിലന്‍ഡില്‍ ഒരു വിദേശ ടീമിന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടുമാണ് ഷക്കീബും റഹീമും ചേര്‍ന്നു പടുത്തുയര്‍ത്തിയത്. കിവീസിനായി നീല്‍ വാഗ്നര്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി.