കാസര്‍ഗോഡ്: ചക്ക കൊണ്ട് എന്തൊക്കെ തയാറാക്കാം ചക്കപ്പുഴുക്ക്, ചിപ്സ്, ചക്കയപ്പം… സാധാരണക്കാരന്റെ മനസിലെ ലിസ്റ്റ് ഇതിലപ്പുറം നീളാന്‍ സാധ്യതയില്ല. എന്നാല്‍ പാലക്കാട് രൂപതയുടെ കീഴിലുള്ള പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തകരോട് ചോദിച്ചാല്‍ എന്തു വേണമെങ്കിലും തയാറാക്കാം എന്നായിരിക്കും മറുപടി.
വെറുതെ പറയുകയല്ല, ജാക്സോ 100 എന്ന ബ്രാന്‍ഡ് നെയിമില്‍ ഇവര്‍ വിപണിയിലിറക്കിയ ചക്ക ഉത്പന്നങ്ങള്‍ കണ്ടാല്‍ ഇതു ബോധ്യമാകും. ബിരിയാണി മിക്സും പുട്ടുപൊടിയും ഉപ്പുമാവ് മിക്സും പായസം മിക്സും അവലോസ് പൊടിയും മുതല്‍ കേക്കും ഐസ്ക്രീമും ഹല്‍വയും പേഡയും വരെ ഇവര്‍ ചക്ക കൊണ്ട് നിര്‍മിച്ചിരിക്കുന്നു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡില്‍ ആരംഭിച്ച പ്രദര്‍ശന വിപണനമേളയിലാണ് ജാക്സോ ഉത്പന്നങ്ങള്‍ താരപദവി സ്വന്തമാക്കിയത്.
സംസ്കരിച്ച പച്ചചേചക്കയാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഒരു മുഴുവന്‍ ചക്കയെ ജലാംശം നീക്കം ചെയ്ത ശേഷം പായ്ക്കറ്റിലാക്കും. 10 മിനിറ്റ് ചൂടുവെള്ളത്തിലോ രണ്ടു മണിക്കൂര്‍ തണുത്ത വെള്ളത്തിലോ ഇതു കുതിര്‍ക്കണം. വെള്ളം വാര്‍ന്നതിനുശേഷം ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കണം.ചിരകിയ തേങ്ങയും ഉള്ളിയും മുളകും മറ്റു ചേര്‍ത്ത് കുഴച്ചെടുത്താല്‍ ചക്കപ്പുഴുക്ക് റെഡി. വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം പിഴിഞ്ഞുകളഞ്ഞതിനുശേഷം എണ്ണയില്‍ വറുത്ത്ചിപ്സും ഉണ്ടാക്കാം. അരക്കിലോയുടെ പായ്ക്കറ്റിന് 225 രൂപയാണ് വില.
സംസ്കരിച്ച ചക്കപ്പൊടി തുല്യഅളവുവരെ ഗോതമ്പ് പൊടിയുമായോ അരിപ്പൊടിയുമായോ ചേര്‍ത്ത് ദോശ, ചപ്പാത്തി, കൊഴുക്കട്ട എന്നിവ പാകം ചെയ്യാം. ചക്കക്കുരു മാങ്ങാക്കറി ഉണ്ടാക്കുന്നതിന് ചക്കക്കുരുവിന് പകരമായി രണ്ടോ മൂന്നോ സ്പൂണ്‍ സംസ്കരിച്ച ചക്കക്കുരുപ്പൊടി ചേര്‍ത്താല്‍ മതി. ഗോതമ്പുപൊടി, അരിപ്പൊടിക്കുമൊപ്പം ചക്കക്കുരുപ്പൊടി കൂടി ചേര്‍ത്താല്‍ നല്ല മാര്‍ദ്ദവവും സ്വാദും ലഭിക്കും.
ചക്ക ബിരിയാണി മിക്സ് അഞ്ചു മിനുറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം വാര്‍ന്നതിനുശേഷം ആവിയില്‍ വേവിച്ച് ബിരിയാണി അരിക്ക് പകരമായി ഉപയോഗിക്കാം. പഴുക്കാന്‍ തുടങ്ങിയ ചക്കചൂള മറയൂര്‍ ശര്‍ക്കരയും നെയ്യും ചേര്‍ത്ത് റോസ്റ്റ് ചെയ്തെടുത്തതാണ് പായസം മിക്സ്. ഒരു ലിറ്റര്‍ തിളപ്പിച്ച പാലില്‍ ചേര്‍ത്ത് പാകം ചെയ്താല്‍ പായസം റെഡി.
ചക്കപ്പഴ സത്തും മറുയൂര് ശര്‍ക്കരയും നെയ്യും ചേര്‍ത്ത് തയാറാക്കിയ ചക്കവരട്ടി ജാമിന് പകരമായി ഉപയോഗിക്കാം. കാപ്പിക്കും ചായക്കും പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന ഹോട്ട് ഡ്രിങ്കാണ് ജാഫീ. ചക്കക്കുരു ചെറുചൂടില്‍ റോസ്റ്റ് ചെയ്ത് തയാറാക്കിയ ഇതില്‍ കഫീന്‍ എന്ന ശരീരത്തിനു ദോഷകരമായ വസ്തുവില്ലെന്നും ജാഫീയുടെ മേന്മ വര്‍ധിപ്പിക്കുന്നു. ചക്കക്കുരുപ്പൊടിയും ചക്കപ്പൊടിയും ചേര്‍ത്തു തയാറാക്കിയ ചക്ക കേക്ക്.
ബേക്കിംഗ് പൗഡറോ മൈദയോ ചേര്‍ക്കാത്തതിനാല്‍ കടുപ്പമുണ്ടാകാനും പെട്ടെന്നു പൊടിഞ്ഞുപോകാനും സാധ്യതയുണ്ട്. അരകിലോയുടെ പായ്ക്കറ്റിന് 200 രൂപയാണ് വില. സംസ്കരിച്ച ചക്ക, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്താണ് ചക്ക അച്ചാര്‍ തയാറാക്കിയി രിക്കുന്നത്. ഇതു പലഹാരമുണ്ടാക്കാനുംചക്കപ്പഴത്തിനുപകരമായും ഉപയോഗിക്കാം. മേള ആരംഭിച്ച് രണ്ടു ദിവസംകൊണ്ടുതന്നെ ചക്ക ഉത്പന്നങ്ങള്‍ തേടി നിരവധിപേര്‍ എത്തുന്നുണ്ടെന്ന് പിഎസ്എസ്പി സെയില്‍സ് മാനേജര്‍ ജോമോന് എം.ജോസ് പറഞ്ഞു. പ്രദര്‍ശനം 16നു സമാപിക്കും.