സാനിയാ സാഹു എന്ന പതിനൊന്നുകാരിയുടെ ആഗ്രഹം വലുതാകുന്പോൾ പോലീസ് ഉദ്യോഗസ്ഥയാകണം എന്നതായിരുന്നു. പക്ഷേ കാഴ്ചയില്ലായ്മയും വൃക്കയെ ബാധിച്ച രോഗവും അവളുടെ സ്വപ്നങ്ങൾക്ക് വിലങ്ങ് കൽപിച്ചു. പതിനൊന്നാം പിറന്നാളിന് സമ്മാനമായി എന്തു വേണമെന്നു ചോദിച്ചപ്പോൾ അച്ഛനോട് അവൾ പറഞ്ഞു എനിക്ക് പോലീസിന്റെ ഡ്രസ്സിടണം.
പിറന്നാളുകാരിക്ക് ആശിച്ച സമ്മാനം നൽകാൻ അച്ഛൻ ഭീംലാൽ സാഹുവും അമ്മ ഡിംപിളും ഒരുപാടു ശ്രമിച്ചു. പല കടകളിലും പോയി പോലീസിന്റെ വേഷം ചോദിച്ചെങ്കിലും പലരും കൊടുക്കാൻ തയ്യാറായില്ല. വേണ്ട രേഖകളുമായി എത്തിയാൽ വേഷം തരാമെന്നു പറഞ്ഞ് ചിലർ അവരെ മടക്കി അയച്ചു.
അങ്ങനെയാണ് ഭീംലാൽ, റായ്പൂർ എസ്പി ഓഫീസിലെത്തുന്നത്. അവിടെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് അയാൾ കാര്യം പറഞ്ഞു. കുട്ടിയുടെ പിറന്നാളിന് അവളുടെ ആഗ്രഹം സാധിക്കാൻ ഞങ്ങളും കൂടെ കൂടാം എന്നു പറഞ്ഞ് എസ്പി അയാളെ യാത്രയാക്കി. കുട്ടിയുടെ പിറന്നാൾ ദിവസം അവൾക്ക് ജന്മനാട്ടിൽ പോകേ ണ്ടതുകൊണ്ട് മൂന്നു ദിവസം മുന്പായിരുന്നു ആഘോഷങ്ങൾ. അന്നു രാവിലെ മത്പുരേനയിലെ വീട്ടിൽ നിന്ന് പോലീസ് യൂണിഫോമിട്ട്, പോലീസ് ജീപ്പിൽ അവൾ റായ്പൂർ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
ഇടവും വലതും അച്ഛനും അമ്മയും. എസ്പി ഓഫീസിലെ ജീവനക്കാർക്കൊപ്പം കേക്കുമുറിച്ച് പിറന്നാളാഘോഷിച്ചു. ഒരു കുഞ്ഞുകുട്ടിയുടെ വലിയ ആഗ്രഹം സഫലീ കരിച്ചുകൊടുക്കാൻ സാധിച്ച സന്തോഷത്തി ലാണ് റായ്പൂർ എസ്പി സഞ്ജീവ് ശുക്ലയും റേഞ്ച് ഐജി പ്രദീപ് ഗുപ്തയും മറ്റു ഉദ്യോഗസ്ഥരും.