കണ്‍ഫ്യൂഷനായല്ലോ? പിന്‍വലിച്ച കറന്‍സികള്‍ തിരിച്ചെത്തി; ഔദ്യോഗിക കണക്കില്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ കറന്‍സികള്‍

cash

ന്യൂഡല്‍ഹി: പിന്‍വലിച്ച കറന്‍സിയില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി എന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍. എന്നു മാത്രമല്ല ഔദ്യോഗിക കണക്കുപ്രകാരം ഉണ്ടായിരുന്നതില്‍ കൂടുതല്‍ കറന്‍സി തിരിച്ചെത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നും സൂചന. പിന്‍വലിച്ച 500 രൂപ, 1000 രൂപ കറന്‍സികള്‍ മൊത്തം 15.44 ലക്ഷം കോടി രൂപ വരുമായിരുന്നു. നവംബര്‍ എട്ടിന് ഇത്രയും ഉണ്ടായിരുന്നതു ധന സഹമന്ത്രി മേഘവാള്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അന്ന് ആകെ ഉണ്ടായിരുന്ന കറന്‍സിയുടെ മൂല്യം 1795 ലക്ഷം കോടിയാണെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പറഞ്ഞു.

അതായത് പിന്‍വലിക്കാത്തതു 2.51 ലക്ഷം കോടി രൂപയുടേത്. ഡിസംബര്‍ ഏഴിന് റിസര്‍വ് ബാങ്ക്‌ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍.ഗാന്ധി പറഞ്ഞത് 1.06 ലക്ഷം കോടിയുടെ 100 രൂപ വരെയുള്ള പുതിയ കറന്‍സിയും 2.94 ലക്ഷം കോടിയുടെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയും വിപണിയിലിറക്കി എന്നാണ്. മൊത്തം നാലു ലക്ഷം കോടി രൂപയുടേത്. രണ്ടു ദിവസത്തിനു ശേഷം റിസര്‍വ് ബാങ്കിന്‍റെ റിസര്‍വ് പണ റിപ്പോര്‍ട്ടില്‍ പ്രചാരത്തിലുള്ള കറന്‍സി 9.81 ലക്ഷം കോടിയാണെന്നും പറഞ്ഞു. ഇതില്‍ നവംബര്‍ എട്ടിലെ 2.51 ലക്ഷം കോടിയും ഡിസംബര്‍ ഏഴിലെ നാലു ലക്ഷം കോടിയും ചേര്‍ന്നാല്‍ 6.51 ലക്ഷം കോടി . ബാക്കി (9.816.51) 3.3 ലക്ഷം കോടി രൂപ പിന്‍വലിക്കപ്പെട്ട കറന്‍സി ആകും. അത്രയും അപ്പോള്‍ തിരിച്ചു ചെന്നിട്ടില്ല. 15.44 ലക്ഷം കോടിയില്‍ 3.3 ലക്ഷം കോടി കഴിഞ്ഞാല്‍ 12.14 ലക്ഷം കോടി രൂപ. ഇത്രയുമാണ് അതിനകം ബാങ്കിലെത്തിയത്.

ഡിസംബര്‍ 19നു റിസര്‍വ് ബാങ്ക് നല്‍കിയ കണക്കനുസരിച്ച് 5.93 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സി അതിനകം വിതരണം ചെയ്തു. ജനുവരി ആറിലെ റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് 8.98 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പ്രചാരത്തിലുള്ളത്. നവംബര്‍ എട്ടിനുണ്ടായിരുന്ന 2.51 ലക്ഷം കോടിയും ഡിസംബര്‍ 19ലെ കണക്കുപ്രകാരമുള്ള 5.93 ലക്ഷം കോടിയും ചേര്‍ന്നാല്‍ 8.44 ലക്ഷം കോടി. ഡിസംബര്‍ 19നു ശേഷം പുതിയ കറന്‍സി ഇറക്കിയിട്ടില്ലെങ്കില്‍ 54,000 കോടി രൂപയുടെ (8.988.44 = 0.54 ലക്ഷം കോടി)യുടെ പിന്‍വലിച്ച കറന്‍സി തിരിച്ചു ചെന്നിട്ടില്ല. അതായത്, 14.9 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി തിരിച്ചു ചെന്നു.

ഡിസംബര്‍ 19നും ജനുവരി ആറിനുമിടയ്ക്കു വലിയ തോതില്‍ പുതിയ കറന്‍സി ബാങ്കുകള്‍ വഴി നല്‍കി. അതെത്രയെന്ന് അറിവില്ല. അതുകൂടി പ്രചാരത്തിലുള്ള കറന്‍സിയില്‍ പെട്ടിട്ടുണ്ടെങ്കില്‍ പിന്‍വലിച്ച കറന്‍സി മുഴുവന്‍ തന്നെ തിരിച്ചു ചെന്നു. എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലും പ്രവാസികളുടെ പക്കലും സഹകരണ ബാങ്കുകളിലും കൂടി അനേകായിരം കോടിരൂപയുടെ പഴയ കറന്‍സി ഇരിപ്പുണ്ട്. അതിനര്‍ഥം ഔദ്യോഗിക കണക്കിലുണ്ടായിരുന്നതിലും കൂടുതല്‍ കറന്‍സി തിരിച്ചെത്തി എന്നാണോ എന്നു പലരും സംശയിക്കുന്നു. ഡിസംബര്‍ 30നകം തിരിച്ചെത്തിയ തുകയുടെ കണക്ക് ഇതുവരെയും പുറത്തു വിടാത്തതും ഈ ആശയക്കുഴപ്പം മൂലമാകും.

Related posts