ഭിത്തികള്‍ക്കിടയില്‍ കുടുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് മൊബൈല്‍ ഫോണ്‍, അഞ്ചുമണിക്കൂര്‍ തീതിന്ന യുവാവിനെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

alapyകെട്ടിടത്തിനു മുകളില്‍നിന്നും വീണ് ഭിത്തികള്‍ക്കിടയില്‍ അകപ്പെട്ട യുവാവിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. അപകടവിവരം പുറം ലോകമറിഞ്ഞത് ഇയാളുടെ മൊബൈല്‍ ഫോണിലൂടെയായിരുന്നു. മരണത്തെ മുന്നില്‍കണ്ട് യുവാവ് അഞ്ചുമണിക്കൂറിലധികം കുടുങ്ങിക്കിടന്നു. നുറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മലയാലപ്പുഴ മേപ്പുറത്ത് മുരിപ്പേല്‍ അനു(24) ആണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് അനുവും സഹോദരന്‍ മനുവും മാതാവും വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവസമയത്ത് സഹോദരനും മാതാവും സ്ഥലത്തില്ലായിരുന്നു. ടെറസിനു മുകളില്‍ കിടന്നുറങ്ങിയ അനു രാത്രി എഴുന്നേറ്റുവരുമ്പോള്‍ സ്‌റ്റെയര്‍കെയ്‌സിനു സമീപം രണ്ടു കെട്ടിടങ്ങള്‍ക്ക് മധ്യേയുള്ള ഭിത്തികള്‍ക്കിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഭിത്തികള്‍ തമ്മില്‍ അരയടി വീതി മാത്രമാണുണ്ടായിരുന്നത്. തന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ഫോണിലൂടെ സഹോദരന്‍ മനുവിനെ വിളിക്കുകയും കരുനാഗപ്പള്ളിയിലായിരുന്ന മനു പടനിലത്തെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള അനു കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഇരുപതടി താഴ്ചയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. നാട്ടുകാരെ കൂട്ടി കയറിട്ട് രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് നൂറനാട് പൊലീസിലും അഗ്‌നിശമനസേനയിലും വിവരമറിയിച്ചു.

രാവിലെ ആറേ കാലോടെ കായംകുളത്തത്തുനിന്നും പതിനഞ്ചംഗ അഗ്‌നിശമന യൂണിറ്റ് സ്ഥലത്തെത്തി താഴത്തെ നിലയിലെ ബേക്കറി തുറപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുഴല്‍ കിണറില്‍പ്പെടുന്നവരെ രക്ഷിക്കും വിധമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഒരുഭാഗം കോണ്‍ക്രീറ്റ് കട്ടര്‍, ചുറ്റിക എന്നിവ ഉപയോഗിച്ച് പൊളിച്ച് ആളെ കണ്ടെത്തി. തുടര്‍ന്ന് അടുത്തഭിത്തിയുടെ ഭാഗങ്ങള്‍ കൂടി പൊളിച്ച് മാറ്റി ഏഴരയോടെയാണ് മനുവിനെ പുറത്തെടുക്കാനായത്. ഏറെ അവശനായ ഇയാളെ ഉടന്‍ തന്നെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അകപ്പെട്ട ഭാഗത്ത് വായു സഞ്ചാരമുണ്ടായത് ജീവന് രക്ഷയായി. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് അനു.

Related posts