ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മുയല്‍ഭീമന്‍ ഡാരിയസ് ആണ്. നാല് അടി നാല് ഇഞ്ച് നീളവും അതിനൊത്ത ഉയരവുമുള്ള അവനെ കണ്ടാല്‍ വലിയ ഒരു നായയാണെന്നേ തോന്നൂ. അമേരിക്കയിലെ വോഴ്സ്റ്ററിലുള്ള അനീറ്റ് എഡ്വാര്‍ഡ്‌സ് എന്ന മൃഗസ്‌നേഹിയായ വീട്ടമ്മയാണ് അവന്റെ യജമാനത്തി. ഡാരിയസിന് ഒരു മകനുണ്ട്, അവന്റെ പേര് ജെഫ്.
അവന്റെ നീളമാകട്ടെ 3 അടി 8 ഇഞ്ച്. അച്ഛനും മകനും ഉറ്റ സുഹൃത്തുക്കളാണെന്നു മാത്രമല്ല ആ വീട്ടിലെ മറ്റ് വളര്‍ത്തുമൃഗങ്ങളുമായി നല്ല സഹകരണത്തിലുമാണ്. കെ എന്നു പേരുള്ള ഒരു ബോക്‌സര്‍ നായയാണ് ഇരുവരുടെയും ഉറ്റ കളിക്കൂട്ടുകാരന്‍. അനീറ്റ് എഡ്വാര്‍ഡ്‌സിന്റെ എട്ടുവയസുള്ള മകള്‍ അവാ ജോണ്‍സണാണ് ഇരുവരുടെയും അംഗരക്ഷകയും പരിചാരികയും. ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് അവള്‍ അച്ഛനെയും മകനെയും എടുത്തുകൊണ്ടു നടക്കുന്നത്.അവാ ജോണ്‍സണ് ഇരുവരെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണുള്ളത്. അവാ ഇവരെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘അച്ഛന്‍ ഡാരിയസിനാണ് വലിപ്പക്കൂടുതല്‍ എങ്കിലും കാഴ്ചയില്‍ വലിപ്പവും ഭാരവും തോന്നിക്കുക മകന്‍ ജെഫിനാണ്.
ഭാവിയില്‍ മകന്‍ അച്ഛനെക്കാള്‍ വലുതാകുമെന്നാണ് എന്റെ വിശ്വാസം. ഒരുദിവസം തീര്‍ച്ചയായും അവന്‍ പിതാവിന്റെ പേരിലുള്ള ഗിന്നസ് റിക്കാര്‍ഡ് ഭേദിച്ച് അതില്‍ കയറിപ്പറ്റും.‘ ഇരുവരുടെയുംസംരക്ഷണത്തിനും ഭക്ഷണത്തിനുമായി വര്‍ഷംതോറും നല്ലൊരു തുക അനീറ്റിന് ചെലവാകുന്നുണ്ട്. ഏകദേശം 5000 ഡോളര്‍ ഭക്ഷണത്തിനു മാത്രം. മാസംതോറും പിതാവും മകനുംകൂടി തിന്നുതീര്‍ക്കുന്നത് 2000 കാരറ്റുകളും 700 വലിയ ആപ്പിളുമാണ്. ഇതു കൂടാതെ രുചികരമായ മറ്റു പല ഭക്ഷണപദാര്‍ഥങ്ങളും.
ജോര്‍ജ് മാത്യു പുതുപ്പള്ളി