ജല്ലിക്കെട്ടിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് നടി തൃഷയ്ക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണം അവസാനിപ്പിക്കണമെന്ന് കമല്‍ ഹാസന്. മൃഗങ്ങള്‍ക്കെതിരായ ക്രൂരതയായ ജല്ലിക്കെട്ട് അവസാനിപ്പിക്കണമെന്ന് പറഞ്ഞ തൃഷയ്ക്കെതിരെ തമിഴ് നാട്ടില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടക്കുന്ന തൃഷയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് പ്രതിഷേധം കാരണം നിര്‍ത്തിവെക്കേണ്ടതായും വന്നു. ഇതിന് പിന്നാലെ തൃഷയ്ക്ക് എയ്ഡ്സ് ആണെന്ന വ്യാപകമായ സോഷ്യല്‍ മീഡിയ പ്രചരണവും തുടങ്ങിയിരുന്നു.
നടി മരിച്ചുപോയതായും ചിലര്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് കമല്‍ ഹാസന് രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരായ സോഷ്യല്‍ മീഡിയയിലെ മോശം വാക്കുകള്‍ ഞെട്ടിച്ചുവെന്നാണ് തൃഷ പ്രതികരിച്ചത്. ഇതോടെ തമിഴില്‍ ട്വീറ്റ് ചെയ്ത് കമല്‍ ഹാസനും തൃഷയ്ക്ക് പിന്തുണ നല്കി. തൃഷയെ വേദനിപ്പിക്കുന്നത് നിര്‍ത്തണം. അവര്‍ വ്യത്യസ്തമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചു എന്ന കാരണത്താല്‍ ആക്രമിക്കരുത്. ജെല്ലിക്കെട്ടും തൃഷയും രണ്ടും നമുക്ക് ആവശ്യമുള്ളതാണെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെയും ജല്ലിക്കെട്ടിന് പൂര്‍ണ പിന്തുണ നല്കിയ നടനാണ് കമല്‍ ഹാസന്. ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്നാണ് കമല്‍ഹാസന്റെ പറയുന്നത്. ഇതേ തുടര്‍ന്ന് കമല്‍ ഹാസനെതിരെ മൃഗസ്നേഹികള്‍ പ്രതികരിക്കുകയും ചെയ്തു. പൊങ്കലിനോടനുബന്ധിച്ച് നടക്കുന്ന ജല്ലിക്കെട്ട് നിരോധിച്ചതിനാല്‍ തമിഴ്നാട്ടില്‍ ആഘോഷങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു.