വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. മോശം ഫോമും പരിക്കും മൂലം ടീമില്‍നിന്നു പുറത്തായ ശേഷമുള്ള ശിഖര്‍ ധവാന്റെ തിരിച്ചുവരവിലെ ഇന്നിംഗ്സിന്റെ ആയുസ് പത്തു പന്തുകളായിരുന്നു. ഒരു റണ്ണുമായി ധവാന് മടങ്ങിയതിനു പിന്നാലെ എട്ടു റണ്‍സുമായി കെ.എല്‍. രാഹുലും മടങ്ങി. ക്യാപ്റ്റന്റെ ഒരു സമ്മര്‍ദവുമില്ലാതെ ഒരറ്റത്ത് കോഹ്ലി നിലയുറപ്പിച്ചതാണ് ഇന്ത്യയെ കരകയറ്റിയത്. യുവ്രാജുമൊത്ത് 32 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി കോഹ്ലി ആദ്യത്തെ തകര്‍ച്ചയില്‍ നിന്നും മികച്ച റണ്‍ റേറ്റിലേക്ക് ഇന്ത്യയെ എത്തിച്ചു. രണ്ടു ഫോറും ഒരു സിക്സറുമായി ഒന്ന് ആളിക്കത്തിയ ശേഷം യുവിയും മടങ്ങിയതോടെ ഇംഗ്ലണ്ടിന് ആത്മവിശ്വാസമായി. വന്ന വേഗത്തില്‍ ധോണിയും കളം വിട്ടതോടെയാണ് കോഹ്ലി – കേദാര്‍ യാദവ് സഖ്യം ഒന്നിച്ചത്.
ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയാണ് ഇരുവരും മുന്നേറിയത്. ആക്രമണോത്സുകരായി രണ്ടു പേരും ബാറ്റ് വീശിയതോടെ സ്കോറും ഉയര്‍ന്നു. ഇന്ത്യ അതിവേഗം ലക്ഷ്യത്തിലെത്തുമെന്നു തോന്നിച്ച ഘട്ടത്തിലാണ് തന്റെ 27-ാം ഏകദിന സെഞ്ചുറി നേടിയ കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായത്. 105 പന്തില്‍ എട്ടു ഫോറുകളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെ 122 റണ്‍സ് നേടിയാണ് ഇന്ത്യന്‍ നായകന് കളം വിട്ടത്.
ശതകം കുറിച്ച് മികച്ച രീതിയില്‍ മുന്നേറുന്നതിനിടെ കേദാര്‍ യാദവിനെ ജേക് ബോള്‍ സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. വെറും 76 പന്തില്‍ 12 ഫോറുകളും നാലു സിക്സറുകളും അടങ്ങുന്നതായിരുന്നു യാദവിന്റെ 120 റണ്‍സ്. തുടര്‍ന്നെത്തിയ ഹര്‍ദിക് പാണ്ഡ്യ പിടിച്ചുനിന്നെങ്കിലും രവീന്ദ്ര ജഡേജയുടെ പോരാട്ടം വളരെ വേഗത്തില്‍ അവസാനിച്ചു. കൈയെത്തും ദൂരത്തെത്തിയ വിജയം തട്ടിക്കളയാന്‍ പാണ്ഡ്യയും അശ്വിനും ഒരുക്കമല്ലായിരുന്നു
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണിംഗില്‍ ജേസണ്‍ റോയ് തിളങ്ങിയെങ്കിലും അലക്സ് ഹെയ്ൽസ് വേഗം മടങ്ങി. ഇംഗ്ലണ്ടിനായി റോയ് 73 ഉം ജോ റൂട്ട് 78 ഉം റണ്‍സ് നേടിയപ്പോള്‍ അതിവേഗം 62 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ വന്‍ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവര്ക്കു യഥേഷ്ടം തല്ലു കിട്ടിയപ്പോള്‍ തമ്മില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് രവീന്ദ്ര ജഡേജയും ഹര്‍ദിക് പാണ്ഡ്യയുമാണ്. പാണ്ഡ്യ ഒമ്പത് ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജഡേജ പത്തോവറില്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.