ഗാന്ധിനഗർ: ഭർത്താവിന്റെ ക്രൂരമർദ്ദനത്തെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആദിവാസി യുവതിയുടെ നവജാതശിശു മരിച്ച സംഭവത്തിൽ കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. അടിമാലി വാളറ പാത്തയിടന്പ് പട്ടികവർഗ കോളനിയിലെ രവി-വിമല ദന്പതികളുടെ പെണ്‍കുട്ടിയാണു മരിച്ചത്. 17 ദിവസം മാത്രം പ്രായമുള്ള നവജാതശിശു കോട്ടയം കുട്ടികളുടെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഒന്‍പതിനാണു മരണപ്പെട്ടത്.
ഭർത്താവിന്റെ ക്രൂരമർദനത്തെതുടർന്നു അടിമാലി വാളറ പാത്തയിടന്പ് പട്ടികവർഗ കോളനിയിലെ രവിയുടെ ഭാര്യ വിമല (28)യുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരം ഇവരെ വിദ്ഗധ പരിശോധനയ്ക്കു വിധേയമാക്കി. സ്കാനിംഗ്, എക്സറേ എന്നി പരിശോധനകൾക്കായി പുറത്തു കൊണ്ടുവന്ന യുവതിയെ വീണ്ടും സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മർദനത്തിൽ പരിക്കേറ്റു വിമലയുടെ മുഖം വികൃതമായിട്ടുണ്ട്. വായും മോണയും പൊട്ടിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണു ഇവർക്കു മർദമേറ്റത്. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്നു ട്രൈബർ പ്രമോട്ടർ താര എത്തി അടിമാലി പോലീസിന്റെ സഹായത്തോടെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
മാതാവ് ഗുരുതരാവസ്ഥയിൽ
കോട്ടയം: ജന്മം നൽകിയ കുട്ടിയെ അവസാനമായി ഒരു നോക്കുകാണാനാവാതെ വിമല അതീവഗുരുതരാവസ്ഥയിൽ. കഴിഞ്ഞ ഡിസംബർ 29നാണ് വിമല പെണ്‍കുഞ്ഞിനു ജന്മം നൽകിയത്. മാസം തികയാതെയാണ് വിമല പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഭർത്താവ് രവിയുടെ ക്രൂരമർദനത്തെ തുടർന്നു വിമല മെഡിക്കൽ കോളജ് ആശുപത്രിയി സർജറി തീവ്രപരിചരണ വിഭാഗത്തിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിമലയുടെ തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മർദനത്തിൽ വിമലുടെ മുഖം വികൃതമായി. ദേഹമാസകലം മുറിവുകളുമുണ്ട്. ബോധം ഉണ്ടെങ്കിലും അവ്യക്തമായാണ് വിമല സംസാരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. വിമല-രവി ദന്പതികൾക്ക് നിലവിൽ നാലു മക്കളുണ്ട്. കഴിഞ്ഞ ദിവസം അടിമാലി പോലീസിന്റെ പിടിയിലായ ഭർത്താവ് രവി ദേവികുളം സബ്ജയിലിൽ റിമാൻഡിലാണ്.