കളമശേരി: എച്ച്എംടി കോളനിയിൽ സിപിഎം വിട്ട ദളിത് കുടുംബത്തിനുനേരേ ഗുണ്ടാ ആക്രമണം നടന്ന സംഭവത്തെ തുടർന്ന് എട്ടംഗ സംഘം ഒളിവിൽ. അക്രമിസംഘം ഉപേക്ഷിച്ചു പോയ വാടകകാറിന്റെ താക്കോലുമായി കാറുടമയുടെ വീട്ടിലെത്തിയ സിപിഎം പ്രാദേശികനേതാവിനെ നാട്ടുകാർ ചേർന്നു കളമശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
വാടകയ്ക്ക് എടുത്ത കാർ ഇടപ്പള്ളി സ്വദേശിയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇന്നു രാവിലെയാണു കാറിന്റെ താക്കോലുമായി സിപിഎം നേതാവ് വാഹന ഉടമയുടെ വീട്ടിലെത്തിയത്. ഇതറിഞ്ഞ നാട്ടുകാർ നേതാവിനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പറയാൻ പോലീസ് തയാറാകുന്നില്ല. വാടകയ്ക്കു നൽകിയ വാഹനം രണ്ട് പേർ കൈമറിഞ്ഞാണ് ഗുണ്ടാസംഘം വാടകയ്ക്ക് എടുത്തത്. അതിനാൽ അക്രമി സംഘത്തെക്കുറിച്ച് പറയാൻ ഇടപ്പള്ളി സ്വദേശിയായ ഉടമയ്ക്ക് കഴിയുന്നില്ല. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചെന്നും ഉടൻ പിടിയിലാകുമെന്നും കളമശേരി എസ് ഐ ഇ.വി. ഷിബു അറിയിച്ചു. വാഹനം പോലീസ് കസ്റ്റഡിയിലാണ്.
എച്ച്എംടി കോളനിയിലെ കൂറ്റാലത്ത് അയ്യപ്പന്റെ ഭാര്യ രാധ (65), മക്കളായ ബിനു (42), ബിജിൻ (32) എന്നിവർക്കാണ് ആക്രമണത്തിൽ മർദ്ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. മൂവരെയും എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയിൽ ഇരുമ്പ് വടികൊണ്ട് അടിയേറ്റ ബിനു ഗുരുതര പരിക്കോടെ അത്യാഹിക വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച സിപിഎം മർദ്ദനത്തിൽ പരിക്കേറ്റയാളെ ബിനുവിന്റെ സഹോദരനായ ബിബിൻ ആശുപത്രിയിലെത്തിച്ചതാണ് അക്രമണത്തിന് കാരണമെന്നറിയുന്നു. മറ്റൊരു ആക്രമണത്തിൽ പരിക്കേറ്റു ബിബിനും ചികിത്സയിലാണ്.
എച്ച്എം ടി കോളനിയിൽ കാറിലെത്തിയ എട്ടംഗ സംഘമാണ് പട്ടാപ്പകൽ ആക്രമണം അഴിച്ചു വിട്ടത്. വടിവാളുകളും കമ്പിവടിയടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. വീടിന് അൽപ്പം ദൂരെ വാഹനം നിർത്തിയ ശേഷം മൂന്ന് പേർ വാതിൽ തള്ളിത്തുറന്ന് ബിജിനെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി വീടിന് പുറത്തേക്ക് കൊണ്ടുവന്ന് മർദ്ദിച്ചു. ഇത് കണ്ട് തടയാൻ വന്ന അമ്മ രാധയെ അക്രമികൾ പിടിച്ച് വച്ച് കാലിൽ വടികൊണ്ട് അടിച്ചു. മുഖത്തടിച്ച് വീടിനകത്തേക്ക് തള്ളിയിട്ടു. ഈ സമയമാണ് മൂത്തമകനായ ബിനു എത്തിയത്. കുറച്ചു നാൾ മുമ്പുവരെ സി പിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന ബിനുവിനെ ഗുണ്ടാസംഘം അതിക്രൂരമായി മർദ്ദിച്ചു.
ശനിയാഴ്ച രാത്രി സിപിഎം പാർട്ടി ഓഫീസിന് മുന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയാളെ സിപിഎം പ്രവർത്തകനായ ബാബു മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ബിബിനാ (31) ണ് ഒപ്പം ചെന്നത്. ബിബിനെ മെഡിക്കൽ കോളജിന് മുന്നിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ബിബിൻ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ദളിത് കുടുംബത്തിനുനേരേ ഇന്നലെ ഗുണ്ടാ ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ അക്രമത്തിൽ രാഷ്ട്രീയ ബന്ധം പോലീസ് നിഷേധിക്കുകയാണ്. ആദ്യ സംഭവത്തിൽ സിപിഎം പ്രവർത്തകനായ ബാബുവിനെ കളമശേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വ്യക്തിപരമായ പ്രശ്നത്തിൽ സിപിഎം പക്ഷപാതം പിടിച്ചു എന്ന് പറഞ്ഞാണത്രെ ബിനുവിന്റെ കുടുംബം പാർട്ടി വിട്ടതത്രെ. ഇവരുമായി സൗഹൃദത്തിലായിരുന്ന കുടുംബങ്ങളും പാർട്ടിയുമായി അകന്നിരുന്നു. ഇതിന്റെ പകപോക്കാൻ ശനിയാഴ്ച നടന്ന സംഭവം മറയാക്കി സിപിഎം അക്രമം അഴിച്ചുവിട്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബിനു ഇപ്പോൾ കെപിഎംഎസിന്റെ യൂണിറ്റ് സെക്രട്ടറിയാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ പാർട്ടികൾ പ്രദേശത്ത് പ്രകടനം നടത്തി. പരിക്കേറ്റവരെ എം എൽ എ ഇബ്രാഹിം കുഞ്ഞ്, ചെയർപേഴ്സൺ ജെസി പീറ്റർ എന്നിവർ സന്ദർശിച്ചു.