തൃശൂരിൽ നടന്ന 52ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുതൽ കഴിഞ്ഞ വർഷം വരെ ഏറ്റവും മികവു പ്രകടിപ്പിച്ച പ്രതിഭകൾക്ക് നൽകിയിരുന്ന മെമെന്റോ ഇത്തവണ ഒഴിവാക്കി. എ ഗ്രേഡിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നവർക്കാണ് ഇതുവരെ മെമെന്റോ നല്കിയിരുന്നത്.
150 200 രൂപയ്ക്കു ഇടയിൽ വരുന്ന തുകയുടെ മെമെന്റോ ആണ് വിതരണം ചെയ്തിരുന്നത്. 235 ഓളം ഇനങ്ങളും ഗ്രൂപ്പിനങ്ങളും അടക്കം ആയിരത്തിലേറെ പ്രതിഭകൾക്ക് നേരത്തെ മെമെന്റോ സമ്മാനിച്ചിരുന്നു. ഗ്രേഡ് ഏർപ്പെടുത്തിയത് ഒന്നും രണ്ടും സ്ഥാനമെന്ന പദവി ഒഴിവാക്കാനാണെന്നും ഇതുവരെ കൊടുത്ത രീതിയിൽ സമ്മാനം കൊടുത്താൽ ഒന്നാം സ്ഥാനക്കാരെ തിരിച്ചറിയുമെന്ന വാദം ഉന്നയിച്ചാണ് ഇത്തവണ മെമെന്റോ ഒഴിവാക്കിയത്.
എന്നാൽ മത്സരത്തിൽ ഏറ്റവും മികവു പുലർത്തുന്ന ആദ്യ മൂന്നുപേർക്ക് നല്കിവരുന്ന കാഷ് അവാർഡ് ഇത്തവണ നൽകുന്നുണ്ട്. ഫസ്റ്റ് എ ഗ്രേഡിന് 5,000 രൂപ, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3,000, 1000 രൂപ എന്നിങ്ങനെയാണ് ഇതുവരെ നൽകിയിരുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനമു ണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.