മകളും പിതാവും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. ചേന്നം പളളിപ്പുറം പഞ്ചായത്തില്‍ ഒന്പതാംവാര്ഡില് വടക്കുംകര കവലയ്ക്കു സമീപം കായിപ്പുറത്ത് നികര്‍ത്തില്‍ ഓട്ടോത്തൊഴിലാളിയായ കെ.എസ്. ചന്ദ്രന്, മകള്‍ വാണി (പ്രിയ26) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രനെ അയല്‍വാസി കായിപ്പുറത്തു നികര്‍ത്തില്‍ പരേതനായ പ്രകാശന്റെ വീടിനോടു ചേര്‍ന്നു പുലര്‍ച്ചെ നാലോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സമീപവാസിയായ വീട്ടമ്മയാണു മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നു ഇവര്‍ മരണവിവരം പളളിപ്പുറം വാഴത്തറ വെളിയില്‍ താമസിക്കുന്ന വാണിയുടെ ഭര്‍ത്താവ് സുധീഷിനെ അറിയിച്ചു. മൃതദേഹം കണ്ടതിനുശേഷം സുധീഷ് വീട്ടിലെത്തി ഭാര്യയെയും കുട്ടിയെയും തിരക്കിയപ്പോഴാണ് വാണിയെ കിടപ്പുമുറിയിലെ കട്ടിലില്‍ അനക്കമില്ലാതെ കണ്ടത്. ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചന്ദ്രന് ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് മകള്‍ മനോരോഗി ആയതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നു എന്ന കത്തു കിട്ടി.
രണ്ടരവര്‍ഷം മുമ്പാണ് മരിച്ച വാണിയും സുധീഷുമായുള്ള വിവാഹം നടന്നത്. ഇതില്‍ ആറുമാസം പ്രായമുളള ഒരു മകനുമുണ്ട്. വിവാഹ ശേഷം മറ്റു പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, പ്രസവ ശേഷം വാണിക്കു മാനസിക അസ്വസ്ഥതകള്‍ കണ്ടിരുന്നുവെന്നും സുധീഷ് പറഞ്ഞു. അസുഖം മൂലം മുറിയില്‍ ആരോടും മിണ്ടാതെയും ഏറെനേരം ഒറ്റയ്ക്കു ചെലവഴിക്കുകയും ചെയ്തിരുന്ന മകളുടെ മാനസികാവസ്ഥയോര്ത്തു ചന്ദ്രന് ഏറെ ദുഃഖിതനായിരുന്നുവെന്നു ചന്ദ്രന്റെ ഭാര്യ ഓമന പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് വാണി ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു വടക്കുംകരയിലുളള സ്വന്തം വസതിയില്‍ എത്തിയത്. വാണി കുഞ്ഞിനെ അപായപ്പെടുത്തുമെന്നു പറയാറുണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ ചന്ദ്രികയോടൊപ്പവും വാണിയെ പിതാവ് കിടക്കുന്ന മുറിയിലുമാണ് താമസിപ്പിച്ചിരുന്നത്. ഒരു കുടുംബത്തില്‍ രണ്ടു മരണം നടന്നതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷം ചന്ദ്രന്റെ വീട്ടുവളപ്പില്‍ രണ്ടു മൃതദേഹങ്ങളും സംസ്കരിച്ചു. ഓമനയാണ് ചന്ദ്രന്റെ ഭാര്യ. വാണിയുടെ മകന് ജഗന്നാഥ്.