ദാവോസ്: ലോക സമ്പത്ത് കേവലം എട്ടു പേരിലേക്ക് ചുരുങ്ങി. ദാരിദ്ര്യ നിർമാർജന സന്നദ്ധസംഘടനയായ ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ലോകത്തിലെ 50 ശതമാനം സമ്പത്തും എട്ടു പേരുടെ കൈവശമാണ്. എട്ടു പേരും അമേരിക്കക്കാർ. ബിൽ ഗേറ്റ്സ് മുതൽ മൈക്കിൾ ബ്ലൂംബെർഗ് വരെ നീളുന്ന എട്ടു പേർ. ദാവോസിൽ നടക്കുന്ന വേൾഡ് എക്കണോണിക് ഫോറത്തിലാണ് ഓക്സ്ഫാം റിപ്പോർട്ട് അവതരിപ്പിച്ചത്.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഫാഷൻ കന്പനിയായ ഇൻഡിടെക്സ് സ്ഥാപകൻ അമാൻസ്യോ ഒർട്ടെഗ, അമേരിക്കൻ നിക്ഷേപകൻ വാറൻ ബഫറ്റ്, മെക്സിക്കൻ ബിസിനസുകാരൻ കാർലോസ് സ്ലിം ഹെലു, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ഫേസ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബെർഗ്, ഒറാക്കിൾ സഹ സ്ഥാപകൻ ലാറി എലിസൺ, ന്യൂയോർക്ക് സിറ്റി മുൻ മേയർ മൈക്കിൾ ബ്ലൂംബെർഗ് എന്നിവരാണ് ആ എട്ടു പേർ. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ ലോകത്തിന്റെ 50 ശതമാനം സമ്പത്ത് കൈവശം വച്ചിരുന്നത് 62 പേരാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഈ എട്ടു പേർക്കുംകൂടി 42600 കോടി ഡോളർ (28,96,800 കോടി രൂപ) മൂല്യമുള്ള സ്വത്തുണ്ട്, ഒരാൾക്ക് ശരാശരി 5100 കോടി ഡോളർ. അതേസമയം സാധാരണക്കാരായ 370 കോടി ജനങ്ങളുടെ (ജനസംഖ്യയുടെ 50 ശതമാനം) ആകെ സ്വത്ത് എന്നു പറയുന്നത് 40900 കോടി ഡോളറാണ് (27,81,200 കോടി രൂപ). ശരാശരി ഒരാൾക്ക് 111 ഡോളർ.
ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനവും സമ്പന്നരുടെ കൈവശം
ദാവോസ്: ലോക സമ്പത്ത് എട്ടു പേരിലേക്ക് ഒതുങ്ങിയപ്പോൾ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58 ശതമാനം കൈവശം വച്ചിരിക്കുന്നത് ആകെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന സമ്പന്നർ. ലോക രാജ്യങ്ങളുടെ സമ്പന്ന, ദാരിദ്ര്യ പട്ടിക പുറത്തുവിട്ട കൂട്ടത്തിൽ ഇന്ത്യയിലെ വിവരങ്ങളും ഓക്സ്ഫാം പുറത്തുവിട്ടു. 57 ശതകോടീശ്വരമന്മാരാണ് ഇന്ത്യയിലുള്ളത്. താഴേക്കിടയിലുള്ള 70 ശതമാനം ആളുകളുടെ പക്കലുള്ള മൊത്തം സ്വത്തിന്റെ മൂല്യത്തിനൊപ്പമാണ് ഇവരുടെ പക്കലുള്ള സ്വത്ത്, 21600 കോടി ഡോളർ.
റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 84 ശതകോടീശ്വരന്മാരുണ്ട്. ഇവരുടെ ആകെ സ്വത്തിന് 24800 കോടി ഡോളർ മൂല്യം വരും. ഇതിൽ മുകേഷ് അംബാനി, ദിലിപ് ഷാംഗ്വി, അസിം പ്രേംജി എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. രാജ്യത്തിന്റെ ആകെ സ്വത്തിന് 3.1 ലക്ഷം കോടി ഡോളർ മൂല്യം വരും.
– See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat5&newscode=426293#sthash.ccexGTHR.dpuf