ജയലളിതയുടെ മരണം ഇന്നും ദുരൂഹതയാണ്. രോഗത്തെക്കുറിച്ചോ അവരുടെ മരണത്തെക്കുറിച്ചോ ആര്‍ക്കും ഇന്നും വ്യക്തമായി പറയാന്‍ കഴിയുന്നില്ല. ജയയുടെ അകാലമരണത്തിന്റെ ദുരൂഹത അവസാനിക്കുംമുമ്പേ ഇതാ മറ്റൊരു വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. മറ്റാരുമല്ല, ജയയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായ ശശികലയുടെ സഹോദരന് ദിനകരനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ നടന്ന ഒരു പരിപാടിയിലാണ് ദിനകരന്റെ വെളിപ്പെടുത്തല്‍. 2011ല്‍ ജയലളിതയെ വധിക്കാന്‍ ചിലര്‍ക്ക് പദ്ധതിയുണ്ടായിരുന്നെന്നു ദിനകരന് പറഞ്ഞു.
അന്ന് ജയയുടെ ജീവന് രക്ഷിച്ചത് തങ്ങളാണ്. നീക്കം തടഞ്ഞിരുന്നില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വന്നേനെ. ഞങ്ങള്‍ തടഞ്ഞതിനാല്‍ അമ്മയ്ക്ക് ഒന്നും സംഭവിച്ചില്ല. തനിക്കോ ശശികലയ്ക്കോ ഒരു ഗൂഢോദ്ദേശവുമില്ലെന്നും ദിനകരന് പറഞ്ഞു. അന്നു താനും സഹോദരി ശശികലയുമാണ് ആ നീക്കം തടഞ്ഞതെന്നും അല്ലെങ്കില്‍ അമ്മ അന്നു തന്നെ കൊല്ലപ്പെട്ടേനെ എന്നും ദിനകരന് വ്യക്തമാക്കി. എന്നാല്‍, ആരാണ് ജയലളിതയെ വധിക്കാന്‍ പദ്ധതി തയാറാക്കിയതെന്ന് വെളിപ്പെടുത്താന്‍ ദിനകരന് തയാറായില്ല. ജയലളിതയെ വിഷം നല്കി ഇല്ലാതാക്കാന്‍ ശശികലയും ബന്ധുക്കളും ശ്രമിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്ന കാലഘട്ടത്തിലാണ് വധശ്രമം നടന്നതെന്നത് വലിയ സംശയങ്ങള്‍ക്ക് ഇടനല്കുന്നു.
ദിനകരന് നടത്തിയ പ്രസംഗത്തില്‍ ശശികലയുടെ ഭര്‍ത്താവ് നടരാജനെ പുകഴ്ത്താനാണ് ഏറെ ശ്രദ്ധിച്ചത്. ശശികല മുഖ്യമന്ത്രിയായേക്കുമെന്ന സൂചനയും സഹോദരന് നല്കി. ശശികലയ്ക്കും എഐഎഡിഎംകെയുടെ രണ്ടാംനിര നേതാക്കള്‍ക്കും വധഭീഷണിയുണ്ടെന്നും അദേഹം പറയുന്നു. എഐഎഡിഎംകെ സര്‍ക്കാര്‍ ജനുവരിയില്‍ താഴെപ്പോകുമെന്ന് ചിലര്‍ പ്രവചിച്ചു. എന്നാല്‍ അമ്മ സര്‍ക്കാര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുകയാണെന്നും ദിനകരന് പറഞ്ഞു. അതേസമയം ദിനകറിന്റെ പ്രസംഗത്തോടെ ജയയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.