ഹോളിവുഡിന്റെ മാദക സുന്ദരി മെർലിൻ മണ്‍റോയെ ഓർക്കുന്പോഴെല്ലാം മനസിലേക്ക് ഓടിവരുന്നത് ഒരു ചിത്രമാണ്. കാറ്റിന്റെ ഓളത്തിൽ തിരമാലപോലെ ഉയരുന്ന വെള്ളയുടുപ്പ്. മെർലിൻ ലോകത്തോട് വിടപറഞ്ഞിട്ട് അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആരാധകരെ രോമാഞ്ചമണിയിച്ച് ഹോളിവുഡിന്റെ ഈ പഴയ ഐക്കണ്‍ ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ചിത്രീകരണ ദൃശ്യങ്ങൾ അടങ്ങിയ ഫിലിമുകൾ കണ്ടെടുത്തതാണ് മരണമില്ലാത്ത ആ രംഗത്തിന്റെ ഉയിർത്തെഴുന്നേൽപിന് വഴിവച്ചത്.
ദ സെവൻ ഇയർ ഇച് എന്ന ചിത്രത്തിലേതാണ് ഈ രംഗം. 1954 സെപ്തംബർ 15ന് ന്യൂയോർക്കിലെ ഒരു തെരുവിൽ വച്ചായിരുന്നു ചിത്രീകരണം. തങ്ങളുടെ ആരാധനാ കഥാപാത്രത്തെ നേരിട്ട് കാണാൻ നിരവധിയാളുകളാണ് തടിച്ചു കൂടിയത്. യൂൾ ഷുബാക്ക് എന്ന വ്യാപാരിയാണ് മെർലിന്റെ മനോഹര ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. നടപ്പാതയിൽ നിന്നെടുത്ത രംഗം ഹോളിവുഡിലെ സ്റ്റുഡിയോയിൽ വീണ്ടും ചിത്രീകരിച്ചതായി പറയപ്പെടുന്നുണ്ട്.
ചിത്രീകരണ രംഗങ്ങൾ നഷ്ടപ്പെട്ടു പോയതായി ദ സെവൻ ഇയർ ഇച്ന്റെ സംവിധായകൻ ബില്ലി വിൽഡർ 1970 ൽ പറഞ്ഞിരുന്നു. ഷൂബാക്കിന്റെ കൊച്ചുമകൾ ബോണി സീഗ്ലറും ഭർത്താവ് ജെഫ് ഷെറും ചേർന്നാണ് ഷൂബാക്കിന്റെ ശേഖരത്തിൽ നിന്ന് ഈ ഫൂട്ടേജ് കണ്ടെടുത്തത്. ന്യൂയോർക്ക് ടൈംസാണ് ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. മൂന്ന് മിനിറ്റും പതിനേഴ് സെക്കൻഡും ദൈർഘ്യമുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പന്ത്രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയായാണ് ടൈംസ് പ്രസിദ്ധീകരിച്ചത്.