കോല്‍ക്കൊത്ത: പെണ്‍കുട്ടികള്‍ കുട്ടിയുടുപ്പുകള്‍ ധരിക്കുന്നതാണ് ബലാംല്സംഗങ്ങള്ക്കും തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങള്‍ക്കും കാരണമെന്ന് കോല്‍ക്കൊത്തയിലെ ടിപ്പു സുല്‍ത്താന്‍ മസ്ജിദ് ഇമാം സെയ്ദ് മൊഹമ്മദ് നൂറുര്‍ ആര് ബര്‍കാതി.കുട്ടിവസ്ത്രത്തില് പെണ്‍കുട്ടികളെ കാണുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് ലൈംഗികവികാരം ഉണ്ടാകുമെന്നും സ്വയരക്ഷയെക്കരുതി പെണ്‍കുട്ടികള്‍ ഇത്തരം വസ്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നു പറഞ്ഞ ഇമാമിന്റെ വാക്കുകള്‍ ഇതിനോടകം വിവാദമായിക്കഴിഞ്ഞു.
വളരെ ചെറിയ വസ്ത്രങ്ങളാണ് ഇക്കാലത്ത് പെണ്‍കുട്ടികള്‍ ധരിക്കുന്നത്. അതില്‍ നിന്നും അവരെ തടയുന്നത് ഞങ്ങളുടെ ജോലിയല്ല. പക്ഷെ പുരുഷന്മാരുടെ ലൈംഗികാസക്തിയില്‍ നിന്നും രക്ഷ നേടണമെങ്കില്‍ അവര്‍ മാന്യമായ വസ്ത്രം ധരിക്കണം എന്നും ഇമാം പറഞ്ഞു. മുസ്ലീമെന്നോ ഹിന്ദുവെന്നോ നോക്കാതെ എല്ലാ ഇന്ത്യന്‍ സ്ത്രീകളും മുഖാവരണം ധരിക്കണമെന്ന് മുമ്പ് ഇദ്ദേഹം പറഞ്ഞതും വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസ്മിയുടെ പ്രസ്താവന വിവാദമായതിനു തൊട്ടു പിന്നാലെയാണ് ഇമാമിന്റെ പ്രതികരണവും വന്നിരിക്കുന്നത്. നഗ്നത ഇന്ത്യയിലെ പുതിയ ഫാഷന്‍ ആയെന്നായിരുന്നു അസ്മിയുടെ വിവാദ പ്രസ്താവന. എന്തായാലും വിഷയം സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു കഴിഞ്ഞു. ഇമാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.