ചലച്ചിത്രതാരങ്ങളോടുള്ള അമിത ആരാധന ചിലപ്പോള്‍ അപകടത്തിനും ജീവഹാനിയുണ്ടാക്കുന്ന സാഹചര്യത്തിനും വഴിയൊരുക്കാറുണ്ട്. വിജയ്യുടെ കൂറ്റന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ പാലക്കാട് ആരാധകന് വീണു മരിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. ചൊവ്വാഴ്ച വൈകിട്ട് തൃശൂരില്‍ ആരാധകരുടെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനും സിങ്കം ത്രീ പ്രമോഷനുമായെത്തിയ സൂര്യയെ പരിപാടി കഴിഞ്ഞും ആരാധകര്‍ വിടാന്‍ കൂട്ടാക്കിയില്ല്.
തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്രയ്ക്കിടെ അമിത വേഗതയില്‍ ബൈക്കില്‍ തന്നെ പിന്തുടര്‍ന്ന ആരാധകരെ സൂര്യ വണ്ടി നിര്‍ത്തി ശാസിച്ചു. ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാരാണ് താരത്തെ കാറിന് ഇരുവശത്തുമായി കൈകളില്‍ കാമറയുമായി പിന്തുടര്ന്നത്. അതിവേഗത്തില്‍ പോകുന്ന തന്റെ കാറിന് പിന്നാലെ ക്യാമറയുമായി പിന്തുടര്ന്നവരുടെ പ്രവര്‍ത്തി അപായത്തിലേക്കാണെന്ന് കണ്ടപ്പോഴാണ് വണ്ടി നിര്‍ത്തി സ്നേഹശാസനവുമായി സൂര്യ തന്റെ ആരാധകരെ സന്ദര്‍ശിച്ചത്.
തങ്ങള്‍ പിന്തുടരുന്നെന്ന് കണ്ട് സൂര്യ കാര്‍ നിര്‍ത്തിയപ്പോള്‍ ആരാധകരും ബൈക്കില്‍ നിന്നിറങ്ങി. ജീവന് പണയം വച്ചുള്ള ആരാധകരുടെ പ്രവൃത്തിയില്‍ ദേഷ്യപ്പെട്ടാണ് സൂര്യ പ്രതികരിച്ചത്. നിങ്ങളോട് വലിയ സ്നഹമാണ്, എന്നാല്‍ അമിത വേഗതയിലുള്ള ഇത്തരം ആരാധന തനിക്ക് ഇഷ്ടമല്ലെന്ന് സൂര്യ ആരാധകരോട് പറഞ്ഞു. നിങ്ങളെ എവിടെ വച്ച് വേണമെങ്കിലും കാണാം, അതിനൊരു കുഴപ്പവുമില്ല പക്ഷേ ജീവന് പണയപ്പെടുത്തിയുള്ള ഇത്തരം പ്രവൃത്തികള്‍ക്ക് ഒരിക്കലും മുതിരരുത്. ബൈക്കിലെത്തിയ ആരാധകര്‍ക്ക് ഹസ്തദാനം നല്‍കിയാണ് സൂര്യ പിരിഞ്ഞത്. കേരളത്തില്‍ സിങ്കം ത്രീ പ്രമോഷന് സംവിധായകന് ഹരിക്കൊപ്പമാണ് സൂര്യ എത്തിയത്. തിരുവനന്തപുരത്തേ ഒരു ചടങ്ങിലും സൂര്യ പങ്കെടുക്കുന്നുണ്ട്. 26നാണ് എസ് ത്രീ റിലീസ്.