ചെങ്ങന്നൂര്‍: കാലാവസ്ഥയില്‍ വന്ന വ്യതിയാനംമൂലം രാജ്യത്തെ കൃഷി തകര്‍ച്ചയിലായതിനെ തുടര്‍ന്ന് കേന്ദ്രത്തില്‍നിന്നും കേരളത്തില്‍ വിതരണം ചെയ്യേണ്ട ഗോതമ്പ് ലഭിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്. ചെങ്ങന്നൂര്‍ ഫെസ്റ്റിനോടനുബന്ധിച്ച് താലൂക്കിലെ മികച്ച കര്‍ഷകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നെല്ല്, നാളികേരം ഉള്‍പ്പടെയുള്ളവയുടെ കൃഷി കുറഞ്ഞു വരികയാണെന്നും നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞതോടുകൂടി പരമ്പരാഗത കയര്‍ വ്യവസായം തമിഴ്നാട്ടിലേക്ക് പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും നെല്ലിന്റെ ഉത്പാദനം പാലക്കാട്, കുട്ടനാട് മേഖലകളിലേക്ക് ചുരുങ്ങുകയാണെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരെ കൃഷിയിലേക്ക് മടക്കികൊണ്ടുവന്ന് നമുക്ക് ഭക്ഷണത്തിനാവശ്യമായ സാധനം ഉത്പാദിപ്പിക്കുവാന്‍ കഴിയണം. ഭക്ഷണം വാങ്ങുന്ന ശീലം വര്‍ധിച്ചതോടുകൂടി കേരളത്തില്‍ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ മനുഷ്യരെ കീഴ്പ്പെടുത്തുകയാണെന്നും ആരോഗ്യവകുപ്പ് നല്കുന്ന കണക്കനുസരിച്ച് ജനസംഘ്യയുടെ 15 ശതമാനം പേര് കാന്‍സര്‍ രോഗികളാണെന്നും ഇതില്‍നിന്നും മനുഷ്യസമൂഹത്തെ രക്ഷിക്കുന്നതിന് കൃഷിയിലേക്ക് ഉള്ള മടങ്ങി വരവിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് കഴിയണം. കുറ്റമറ്റ രീതിയില്‍ മുന്‍ഗണനാപട്ടിക തയാറാക്കി സുതാര്യമായി ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകര്‍ക്ക് മന്ത്രി ഉപഹാരം നല്കി ആദരിച്ചു. നഗരസഭാ ചെയര്മാന് ജോണ്‍ മുളങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രാമചന്ദ്രന്‍നായര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംപി തോമസ് കുതിരവട്ടം, ഫെസ്റ്റ് ചെയര്മാന് പി.എം. തോമസ്, ഡി. വിജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം വേണു, സിപിഐ മണ്ഡലം സെക്രട്ടറി കെ.എസ്. രവി, വല്‍സമ്മ എബ്രഹാം, വി.വി. അജയന്, പ്രഭാകരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ജൂണി കുതിരവട്ടം സ്വാഗതവും പാണ്ടനാട് രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.