കോഴിക്കോട്ടു നിന്നും കാണാതായ ഹന്‍ഷ ഷെറിന്റെ മരണത്തില്‍ ദുരൂഹത. രണ്ടാഴ്ച്ച മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. കോഴിക്കോട് പുതിയറ സ്വദേശി ഹന്‍ഷ ഷെറിന്റെ (19) മരണമാണ് ദുരൂഹമായി തുടരുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ കുട്ടിയെ 108 ആംബുലന്‍സില്‍ തിരുപ്പൂര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് തിരുപ്പൂര്‍ നോര്‍ത്ത് പോലീസ് അറിയിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കോയമ്പത്തൂരില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാള്‍ ഒളിവിലാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ ഏഴാം തിയതിയാണ് ഹന്‍ഷയെ കാണാതായത്. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അഭിറാം എന്നയാളോടൊപ്പമായിരുന്നു കുട്ടി പോയത്. തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചിക്കണ്ണ കോളേജിനടുത്തുള്ള പെട്രോള്‍ പമ്പിന് മുന്നില്‍വെച്ച് അപകടം നടന്നതായാണ് കുട്ടിയോടൊപ്പമുണ്ടായിരുന്ന അഭിറാം ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ട്രെയിനില്‍ നിന്ന് ചാടിയതാണോ എന്ന കാര്യത്തിലും സംശയമുണ്ട്. അപകടം സംഭവിച്ച കാര്യം അഭിറാമാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചത്. പിന്നീട് ഇയാളുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.
എങ്ങനെയാണ് ഹന്ഷയ്ക്ക് അപകടം പറ്റിയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ഹന്‍ഷയെ അഭിറാമം തന്നെയാകും ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇയാളെക്കുറിച്ച് ആശുപത്രി അധികൃതര്‍ക്കും വേണ്ടത്ര വിവരങ്ങളില്ല. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചശേഷം ഇയാള്‍ എവിടെ പോയതെന്ന് മനസിലാക്കാനായിട്ടില്ല. ഫോണ്‍ ഓഫ് ആണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവള് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.