കോട്ടയം: അടുത്തവർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാജിക്കിനെ മത്സര ഇനമാക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് മാജിക് കലാകാരന്മാരുടെ കൂട്ടായ്മയായ മാജിക്കൽ റിയലിസത്തിന്റെ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചൈനയിൽ നിന്നു മാജിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നവരാണ് ഈ നീക്കത്തിനു പിന്നിൽ. മായാജാലം എന്ന കലയുടെ ജനകീയതയും രഹസ്യസ്വഭാവവും നഷ്ടപ്പെടുത്താൻ ഇതു വഴിവയ്ക്കുമെന്നും ഭാരവാഹികൾ ആരോപിച്ചു.
ഒന്നോ രണ്ടോ മജീഷ്യൻമാർ മാത്രമാണു മത്സര ഇനമാക്കുന്നതിനെ അനുകൂലിക്കുന്നത്. ഗ്രേസ് മാർക്കിനുവേണ്ടി മാത്രം മത്സരിക്കുകയും പിന്നീട് ഈ കലയെ ഉപേക്ഷിക്കുകയും ചെയ്യുന്നതിന് ഇടവരും. ഇതിനിടെ ഈ കലയുടെ രഹസ്യാത്മകത നഷ്ടപ്പെടും. ഒട്ടേറെ കലാകാരന്മാർ കൈയടക്കത്തിന്റെ കലയായ മാജിക് അവതരണ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
പലരുടെയും ജീവിതമാർഗവുമാണിത്. ഇവരുടെ തൊഴിലിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും മജീഷ്യന്മാർ അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി മാജിക്കൽ റിയലിസം അംഗങ്ങളുടെ നേതൃത്വത്തിൽ കഐസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു. മനു മങ്കൊന്പ്, ദീപു വാഴൂർ, സുനിൽ മാസ്മര, സുരേഷ് കല്ലട തുടങ്ങിയവർ പങ്കെടുത്തു.