കോഴിക്കോട്: രണ്ടാഴ്ച്ച മുമ്പ് കാമുകനൊപ്പം നാടുവിട്ട പെണ്‍കുട്ടി തിരുപ്പൂരില്‍ മരിച്ച സംഭവത്തില്‍ ഒളിവാലായിരുന്ന യുവാവ് പിടിയില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മാക്കിനാട്ട് ഹൗസില്‍ അഭിരാം സജേന്ദ്രന്‍ (20) ആണ് പിടിയിലായത്. കസബ എസ്ഐ ടി. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ചാത്തമംഗലം പെരിങ്ങളം പെരുവഴിക്കടവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയാണ് ഇയാളെ പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്താണ് അഭിരാമിനെ പോലീസ് വലയിലാക്കിയത്. സംഭവത്തെ കുറിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഇയാളുടെ മൊഴിയില്‍ ദുരൂഹതയുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പുതിയേടത്തുകണ്ടി സെബാസ്റ്റ്യന്‍ ഹൈറുന്നീസ ദമ്പതികളുടെ മകള്‍ ഹനീഷ ഷെറിനാണ് (19) കഴിഞ്ഞ ദിവസം മരിച്ചത്. പരിക്കേറ്റ ഹനീഷയെ ആശുപത്രിയിലാക്കി അഭിരാം മുങ്ങുകയായിരുന്നു. ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റതാണെന്നായിരുന്നു അഭിരാം ആശുപത്രി അധികൃതരെ അറിയിച്ചത്.
ബൈക്കപകടത്തെ തുടര്‍ന്നാണ് പരിക്കേറ്റതെന്നണ് ഇയാല്‍ പോലീസിന് ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് കൊയമ്പത്തൂര് പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരം അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. സംഭവത്തിന്റെ ചുരുളഴിയാന്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. പലതവണ വീടുവിട്ടിറങ്ങിയിരുന്ന പെണ്‍കുട്ടിയെ ഈ മാസം ഏഴു മുതലാണ് കാണാതായത്. കസബ പോലീസില്‍ പിതാവ് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിവരികയായിരുന്നു.
തിരുപ്പൂരില്‍ ജോലി തേടി പോയതാണെന്ന് കഴിഞ്ഞ ദിവസം പിതാവ് പോലീസിനെ അറിയിച്ചു. അവിടെ നിന്നും ഫോണില്‍ പിതാവിനെ വിളിക്കുകയും, പോലീസുമായി പെണ്‍കുട്ടി സംസാരിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം രാത്രി 1.45നും രണ്ടിനും ഇടയില്‍ പെണ്‍കുട്ടി ട്രെയിനില്‍ നിന്നു വീണതായാണ് ആദ്യം പോലീസിനു ലഭിച്ച വിവരം.