തിയറ്ററുകാര്ക്കു കഷ്ടകാലമോ? സംശയിക്കേണ്ടിയിരിക്കുന്നു. ഏറെക്കാലത്തെ സമരത്തിനുശേഷം തിയറ്ററിലെത്തിയ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ആദ്യ പകുതി ആദ്യം പ്രദര്‍ശിപ്പിച്ചാണ് തിയറ്ററുകള്‍ മാതൃകയായത്. വടക്കന്‍ പറവൂരിലെ ചിത്രാഞ്ജലി തീയറ്ററാണ് ആരാധകരെ മണ്ടന്മാരാക്കിയത്. സംവിധായകന് സജിന്‍ ബാബുവാണ് തീയറ്ററിന് പറ്റിയ അബദ്ധം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ചിത്രാഞ്ജലി തീയറ്ററിലെ ഫസ്റ്റ് ഷോയ്ക്കാണ് സിനിമയുടെ രണ്ടാം ഭാഗം ആദ്യം പ്രദര്‍ശിപ്പിച്ചത്.
തുടക്കത്തില്‍ ആര്‍ക്കും കാര്യം മനസിലായില്ല. എന്നാല്‍ പടം പുരോഗമിച്ചതോടെ പലര്‍ക്കും സംശയമായി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ പടം കഴിഞ്ഞു സ്ക്രീനില്‍ നന്ദിയും എഴുതി കാട്ടി. പടം കണ്ടവരൊക്കെ ഇതെന്ത് പടം എന്നാലോചിച്ച് തിയറ്ററില്‍ ഇരിക്കുമ്പോ കുറച്ച് ഫാന്‍സുകാര്‍ക്ക് സംശയം പടത്തിന്റെ പേരും മറ്റ് വിവരങ്ങളൊന്നുമെഴുതി കാണിച്ചുമില്ല, ഹിറ്റായ പാട്ടുകളും കാണിക്കാതെ പടം തീര്‍ന്നതെങ്ങിനെയാണ് ? അപ്പോഴാണ് രണ്ടാംപകുതിയാണ് പ്രദര്‍ശിപ്പിച്ചതെന്ന് മനസിലാകുന്നത്.
പിന്നെ ഫാന്‍സുകാരുടെ വക തിയറ്ററില്‍ തെറിവിളികളായിരുന്നു. ആളുകള്‍ കൂട്ടമായി തീയറ്റര്‍ അധികൃതരെ സമീപിച്ചപ്പോള്‍ സിനിമയുടെ ഒന്നാം ഭാഗം ഇടാമെന്നായി അവര്‍. അപ്പോഴേക്കും തീയറ്റര്‍ ആകെ ബഹളവും. എന്തായാലും പടം ആദ്യം മുതല്‍ പ്രദര്‍ശിപ്പിച്ചതോടെ ബഹളം അടങ്ങി.