അമേരിക്കന്‍ വാങ്ങുക, അമേരിക്കക്കാരെ നിയമിക്കുക! ട്രംപിന്റെ നയങ്ങളില്‍ ഞെട്ടി ഐടിയും മരുന്നുകമ്പനികളും

trump-l

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ വാങ്ങുക, അമേരിക്കക്കാരെ നിയമിക്കുക എന്നു പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞപ്പോള്‍ ഞെട്ടിയത് ഇന്ത്യ. അമേരിക്ക ഇത്ര കര്‍ശനമായി സ്വദേശിവാദം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ ബുദ്ധിമുട്ടും. പത്തു ലക്ഷം കോടി രൂപ വാര്‍ഷിക ടേണോവര്‍ (15000 കോടി ഡോളര്‍) ഉള്ളതാണ് ഐടി അധിഷ്ഠിത ഔട്ട്‌സോഴ്‌സിംഗ് വ്യവസായം. ഇതിന്‍റെ 60 ശതമാനം ഇടപാടും അമേരിക്കയിലാണ്.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ ആവേശം പകരുന്ന പ്രസംഗങ്ങളില്‍ ട്രംപ് ഇങ്ങനെ സൂചിപ്പിച്ചിരുന്നു. പക്ഷേ പ്രായോഗിക തലത്തില്‍ അതാവില്ല നില എന്നാണ് എല്ലാവരും കരുതിയത്. ട്രംപിന്‍റെ സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള പ്രസംഗത്തോടെ ആ പ്രതീക്ഷകള്‍ മങ്ങി.

പ്രമുഖ ഐടി കമ്പനികളുടെ വരുമാനത്തിന്‍റെ പകുതിയിലേറെ അമേരിക്കയില്‍നിന്നാണ്. അമേരിക്കന്‍ ജോലികള്‍ക്കു പുറംജോലി കരാര്‍ നല്‍കരുതെന്നു വന്നാല്‍ ഈ കമ്പനികള്‍ ബുദ്ധിമുട്ടിലാകും. വേണ്ടത്ര സാങ്കേതികപരിജ്ഞാനമുള്ളവര്‍ അമേരിക്കയില്‍ ഇല്ലെന്നു പറഞ്ഞാണ് പുറംജോലി കരാര്‍ നേടുന്നത്.

അമേരിക്കയില്‍ അമേരിക്കക്കാര്‍ക്കേ ജോലി കൊടുക്കാവൂ എന്നാണു ട്രംപ് പറഞ്ഞത്. എച്ച് വണ്‍ ബി, എല്‍ വണ്‍ തുടങ്ങിയ തൊഴില്‍ വീസകള്‍ക്കു ട്രംപും എതിരാണ്. ഇതു കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കും. ഇന്ത്യന്‍ ഐടി കമ്പനികള്‍ അമേരിക്കയില്‍ നാലുലക്ഷത്തിലേറെ പേര്‍ക്ക് ജോലി നല്‍കുന്നുണ്ട്. അതില്‍ മൂന്നുലക്ഷവും അമേരിക്കന്‍ പൗരന്മാരോ അവിടെ സ്ഥിരതാമസക്കാരോ ആണ്.

പക്ഷേ ട്രംപിന്‍റെ നയങ്ങള്‍ ഇപ്പോഴത്തെ രീതിയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കില്ല എന്നുറപ്പായി. ട്രംപ് ഭരണകൂടത്തിലെ രണ്ടാംനിര ഉദ്യോഗസ്ഥരുടെ നിയമനം തുടങ്ങിയിട്ടില്ല. അതു കഴിഞ്ഞാലേ ഇന്ത്യക്ക് സംസാരിക്കാനും വിഷയങ്ങള്‍ അവതരിപ്പിക്കാനും ആരെ സമീപിക്കണം എന്ന് അറിവാകൂ. അതുവരെ പ്രതികരിക്കാതെ മൗനംപാലിക്കാനാണ് ഗവണ്‍മെന്‍റും കമ്പനികളും ധാരണയായിട്ടുള്ളത്.

ഔഷധനിര്‍മാണ കമ്പനികള്‍ക്കും ഇതേ പ്രശ്‌നമുണ്ട്. ഒബാമകെയര്‍ നിറുത്തലാക്കുന്നതും മറ്റും ഇന്ത്യന്‍ കമ്പനികള്‍ക്കു ക്ഷീണമാകും. പേറ്റന്‍റ് കാലാവധി കഴിഞ്ഞ ഔഷധങ്ങള്‍ നിര്‍മിച്ചു കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ കമ്പനികള്‍ നല്‍കിയിരുന്നു. ഒബാമകെയര്‍ വന്നപ്പോള്‍ ചെലവ് ചുരുക്കാന്‍ ഈ ജനറിക് മരുന്നുകള്‍ വാങ്ങിയിരുന്നു. ഇനി ഒബാമകെയര്‍ ഇല്ലാത്തപ്പോള്‍ ചികിത്സ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും ആശുപത്രികളും തീരുമാനിക്കുന്ന വിധമാകും. അപ്പോള്‍ ഇന്ത്യന്‍ കമ്പനികളുടെ ജനറിക് മരുന്നുകള്‍ പിന്തള്ളപ്പെടാം. പോരാത്തതിന് വിദേശത്തു നിര്‍മിച്ചവയ്‌ക്കെല്ലാം ഉയര്‍ന്ന ചുങ്കം ചുമത്തണമെന്നാണു ട്രംപ് പറയുന്നത്. ഇന്ത്യന്‍ കമ്പനികളും ഉയര്‍ന്ന ചുങ്കം നല്‍കേണ്ടിവന്നാല്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടും. 35 ശതമാനമാണ് ട്രംപ് ഒരിക്കല്‍ സൂചിപ്പിച്ച ചുങ്കം.

Related posts