യൂട്ടിലിറ്റി വാഹനശ്രേണിയിൽ മഹീന്ദ്രയുടെ രാശി എന്ന വിശേഷണമാകും എക്സ്യുവി 500ന് ഇണങ്ങുക. 2011ൽ പിറവിയെടുത്ത എക്സ്യുവി അടുത്തകാലത്ത് മുഖം മിനുക്കിയതിനോടൊപ്പം ഓട്ടോമാറ്റിക് ഗിയർ ബോക്സിലും പുറത്തിറക്കിയിരുന്നു. രൂപമാറ്റം വരുത്തി പുറത്തുവന്ന എക്സ്യുവി 500ന്റെ വിശേഷങ്ങളിലൂടെ….
പഴയ എക്സ്യുവിയുടെ രൂപം മാത്രം നിലനിർത്തി ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒട്ടേറെ പുതുമകളുമായാണ് എക്സ്യുവി രണ്ടാമന്റെ വരവ്. ഗ്രില്ല്, ഹെഡ്ലാമ്പ് തുടങ്ങി മുൻവശത്ത് ഒരു പൊളിച്ചുപണി തന്നെ നടത്തിയിട്ടുണ്ട്. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലിൽ ക്രോം ലൈനുകൾ ഉൾക്കൊള്ളിച്ച് മനോഹരമാക്കിയിട്ടുണ്ട്.
വാട്ടർഫാൾ ഡിസൈനിൽ രൂപകല്പന ചെയ്ത ഡേ ടൈം റണ്ണിംഗ് ലൈറ്റിനൊപ്പം ഒരു പ്രൊജക്ഷൻ, ഹാലജൻ എന്നീ രണ്ട് ലൈറ്റുകളും നല്കിയാണ് ഹെഡ്ലാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. മുൻ മോഡലിൽനിന്ന് വ്യത്യസ്തമായ സ്ഥാനത്താണ് ഫോഗ് ലാമ്പിന്റെ സ്ഥാനം. ഹെഡ്ലാമ്പിനു തൊട്ടു താഴെയായി ക്രോം ഫിനിഷിംഗ് നല്കിയിരിക്കുന്ന പ്രതലത്തിലാണ് ഫോഗ് ലാമ്പ് ഇപ്പോൾ. മുൻവശത്തിന് പഴയ എക്സ്യുവിയേക്കാൾ ഉയരം നല്കിയിട്ടുണ്ട്.
പിൻഭാഗം
കാര്യമായ മാറ്റത്തിന് വിധേയമായിട്ടില്ല. മറ്റ് എസ്യുവികളേക്കാൾ വലിയ ടെയിൽ ഗേറ്റാണ് എക്സ്യുവിയുടേത്. താരതമ്യേന ചെറിയ ടെയിൽ ലൈറ്റുകളാണ് പ്രധാന ആകർഷണം.
തുറക്കാൻ സാധിക്കുന്ന റൂഫ് ടോപ്പും സ്പോർട്ടി റൂഫ് റെയിലും ഡുവൽ എക്സ്ഹോസ്റ്റുമാണ് എക്സ്യുവിക്ക് ആഡംബര പ്രൗഡി നല്കുന്ന പ്രധാന ഘടകങ്ങൾ.
ഉൾഭാഗം
നിരവധി മാറ്റങ്ങൾക്കു വിധേയമായ ഒരു ഇന്റീരിയറാണ് എക്സ്യുവിക്കുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഡുവൽടോണ് ഡാഷ്ബോർഡും വിശാലമായ സെന്റർ കണ്സോളും വെർട്ടിക്കിൾ ഷേപ്പിൽ നല്കിയിരിക്കുന്ന എസി വെന്റുകളും ഡാഷ് ബോഡിനെ സമൃദ്ധമാക്കുന്നു. വിശാലമായ സെന്റർ കണ്സോളിൽ റിവേഴ്സ് കാമറ, സെൻസർ, ജിപിഎസ്, നാവിഗേഷൻ തുടങ്ങിയ സൗകര്യങ്ങൾക്കു പുറമെ ഡിവിഡി, യുഎസ്ബി, ബ്ലൂടൂത്ത് എന്നിവ കണക്ട് ചെയ്യാൻ സാധിക്കുന്ന ഏഴ് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഒരുക്കിയിട്ടുള്ളത്. തൊട്ടു താഴെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റുമുണ്ട്. ഒപ്പം സുരക്ഷാ ക്രമീകരണങ്ങൾക്കായുള്ള സ്വിച്ചുകളും സമീപത്ത് പുഷ് സ്റ്റാർട്ട് ബട്ടണും.
മ്യൂസിക് സിസ്റ്റം, കോൾ അറ്റൻഡ്, റിജക്ട് ബട്ടണുകളും സ്റ്റിയറിംഗിൽ സ്ഥാനം നേടിയിട്ടുണ്ട്.
സ്റ്റോറേജ്
സ്റ്റോറേജ് സ്പേസുകളുടെ കാര്യത്തിലും എക്സ്യുവി മികവ് തെളിയിച്ചിട്ടുണ്ട്. ഗ്ലൗ ബോക്സുകൾ കൂടാതെ ഡ്രൈവിംഗ് സീറ്റിനു സമീപമുള്ള ആംറെസ്റ്റിൽ കൂളർ സ്പേസും നല്കിയിട്ടുണ്ട്.
സുരക്ഷ
ടോപ്പ് എൻഡ് മോഡലിന് ആറും മറ്റ് മോഡലുകൾക്ക് രണ്ടും വീതം എയർ ബാഗാണ് എക്സ്യുവിയിൽ സുരക്ഷയൊരുക്കുന്നത്. ഇതിനു പുറമേ എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ അസിസ്റ്റ് തുടങ്ങി മറ്റ് സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
എൻജിൻ
ആറ് സ്പീഡ് ഗിയർ ബോക്സിൽ മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക്ക്140 എൻജിനാണ് എക്സ് യുവിക്ക് കരുത്ത് പകരുന്നത്. 2179 സിസി എൻജിൻ 330 എൻഎം ടോർക്കിൽ 140 പിഎസ് പവറാണ് ഉത്പാദിപ്പിക്കുന്നത്.
വലുപ്പം
വീതി 1890 എംഎം, നീളം 4585 എംഎം, ഉയരം 1785 എംഎം.
വില
▲ടു വീൽ ഡ്രൈവ് മോഡലുകൾക്ക് 14.8 മുതൽ 20.23 ലക്ഷം രൂപ വരെ.
▲ഒാട്ടോമാറ്റിക് മോഡലുകൾക്ക് 17.36 ലക്ഷം മുതൽ 21.47 ലക്ഷം രൂപ വരെ.
▲ഫോർ വീൽ ഡ്രൈവ് മോഡലിന് 20.22 ലക്ഷം മുതൽ 22.79 ലക്ഷം രൂപ വരെ.
അജിത് ടോം