ദംഗല്‍ താരം സൈറ വസീമിനെ വധിക്കുമെന്ന് ഐഎസ്. മുഖം മറച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍ സൈറക്കെതിരേ ഭീഷണി മുഴക്കുന്ന പോസ്റ്ററുകളുമായി നില്ക്കുന്ന ശ്രീനഗറില്‍ നിന്നുളള ചിത്രങ്ങള്‍ എഎന്‍എ ആണ് പുറത്തു വിട്ടത്. നേരത്തെ കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും സൈറയും തമ്മിലുളള കൂടിക്കാഴ്ച്ചയെ ചൊല്ലി ഒട്ടേറെ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നിരുന്നു. സൈറയും മെഹബൂബ മുഫ്തിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
കൂടാതെ ഐസിസ് സൈറയെ കൊല്ലും എന്നു പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ചും സ്ത്രീകള്‍ക്കു സുരക്ഷ ഏര്പ്പെടുത്തേണ്ടതിനെക്കുറിച്ചുമായിരുന്നു സൈറ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച്ചയില്‍ സംസാരിച്ചത്. സൈറയുടെ പരാമര്‍ശത്തിനെതിരെ ഒട്ടേറെ പേര് സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടിയെ അപഹസിച്ചു. പിന്നീടു തന്റെ പ്രവൃത്തി ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നുവെന്ന് 14 കാരിയായ സൈറ ട്വിറ്ററില്‍ തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. അതേസമയം ദംഗല്‍ താരം ആമിര്‍ ഖാന് ഉള്‍പ്പെടെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ സൈറയ്ക്കു പിന്തുണയുമായി എത്തിയിരുന്നു.