കലോത്സവത്തിനിടയില്‍ ഇങ്ങനേയും ചിലത് നടക്കാറുണ്ട്! വേദിയ്ക്ക് പിന്നിലെ കുട്ടികളുടെ ദുരിതങ്ങള്‍ ഇവയൊക്കെ!

rhrഅവസാന ലാപ്പില്‍ കോഴിക്കോടിന്റെ കുട്ടിക്കലാകാരന്മാര്‍ കിരീടത്തില്‍ മുത്തമിട്ടതോടുകൂടി ഈ വര്‍ഷത്തെ കലാമാമാങ്കത്തിന് തിരശീല വീണു. കലോത്സവ വേദിയിലെ വര്‍ണശബളമായ കാഴ്ചകളും കുട്ടികളുടെ പ്രതിഭ തെളിയിക്കുന്ന വ്യത്യസ്ത പ്രകടനങ്ങളും മാത്രമാണ് ഭൂരിഭാഗം ആളുകളുടേയും ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമായി വേദിയിലെത്തിയ കുട്ടികളുടെ ദുരിതം താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്ന് അധികമാരും ചിന്തിച്ചുകാണില്ല. കാരണം ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് വേദിയ്ക്ക് പിന്നിലാണ്. പുലര്‍ച്ചവരെ നീളുന്ന മത്‌സരങ്ങള്‍ക്കൊടുവില്‍ ഛര്‍ദിച്ചും തളര്‍ന്നുവീണും കഷ്ടപ്പെടുന്ന കുട്ടികളുടെ ദയനീയ ചിത്രമാണ് വേദിക്ക് പിന്നില്‍ ചെന്നാല്‍ കാണാനാവുന്നത്. ചില കുട്ടികളാവട്ടെ രാവേറെ നീണ്ട മത്സരത്തിന്റെ മേക്കപ്പഴിക്കാതെതന്നെ പിറ്റേദിവസം രാവിലത്തെ നൃത്തവേദികളിലേക്ക് ഓടേണ്ടിയും വന്നു.

കലോത്സവ വേദികളില്‍ അപകടങ്ങള്‍ പതിവാണ്. ഹൈസ്‌ക്കൂള്‍ വിഭാഗം പരിചമുട്ടുകളിയില്‍ ഒരു കുട്ടിയുടെ കൈയില്‍ വെട്ടേറ്റ് വിരലറ്റുപോവുന്ന നിലയിലായി. പൊടിപാറുന്ന മത്സരം വേദിയെ പിടിച്ചുകുലുക്കി അരങ്ങേറിയപ്പോള്‍ ഡ്യൂപഌക്കേറ്റ് വാളായിരുന്നെങ്കിലും അതിന് മൂര്‍ച്ചയുണ്ടായിരുന്നു എന്ന് ദേഹത്ത് കൊണ്ട് ചോര വന്നപ്പോഴായിരിക്കണം കുട്ടികള്‍ അറിഞ്ഞത്. ചോര നിലക്കാത്തത് ശ്രദ്ധയില്‍പെട്ട പിന്നണിക്കാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സും ആരോഗ്യവകുപ്പും പാഞ്ഞെത്തി. വേദിയില്‍ നിന്ന് നേരെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. പരിചമുട്ടുകളിയില്‍ ഓരോ ടീമിനും പരിക്കേല്‍ക്കാറുണ്ട്. പല കുട്ടികളുടേയും കൈമുട്ടും കാലിന്റെ തുടയും വെട്ടേറ്റ് മുറിഞ്ഞിരുന്നു. പലപ്പോഴും ശസ്ത്രക്രിയ വരെ നടത്തേണ്ടി വരാറുണ്ട്. വിരലുകള്‍ ചതയുക, അസ്ഥിയ്ക്ക് കേട് സംഭവിക്കുക എന്നിവയും കലോത്സവ വേദികളിലെ പതിവ് കാഴ്ചയാണ്.

പല മത്സരങ്ങള്‍ക്കും മുന്‍പും ശേഷവും കുട്ടികള്‍ തളര്‍ന്ന് വീഴുന്നതും സാധാരണയാണ്. നൃത്തയിനങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്ന കുട്ടികളാണ് ക്ഷീണം കാരണം ഇത്തരത്തില്‍ തളര്‍ന്നു വീഴുന്നവരില്‍ കൂടുതല്‍. അപ്പീലുകളുടെ എണ്ണം കൂടുന്നതോടെയാണ് മത്സരങ്ങളുടെ എണ്ണം കൂടുന്നതും, വിദ്യാര്‍ത്ഥികള്‍ മേക്കപ്പുമിട്ട് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നതും. മത്സരത്തിനിടെ ശ്വാസം കിട്ടാതെ വലയുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍തന്നെ ആശുപത്രികളിലേയ്ക്ക് മാറ്റുകയാണ് പതിവ്. സംഘനൃത്തത്തിന് ഉപയോഗിക്കുന്ന വേഷവിതാനം കലാപരവും വര്‍ണഭംഗിയുമുള്ളതാണെങ്കിലും കടുത്ത ചൂടുണ്ടാക്കുന്നതും ഭാരമുള്ളതുമാണ്. മേക്കപ്പ് കൂടി അണിഞ്ഞുകഴിയുമ്പോള്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പോലും കുട്ടികള്‍ക്ക് സാധിക്കാറില്ല. വേഷഭംഗി നഷ്ടമാകുമെന്നതിനാല്‍ പല പരിശീലകരും കുട്ടികള്‍ വെള്ളം കുടിക്കുന്നത് പോലും വിലക്കാറുണ്ട്. കഥകളി തുടങ്ങിയ ഇനങ്ങളിലും കുട്ടികളുടെ അവസ്ഥ ഇതാണ്.

ഗ്രീന്‍പ്രോട്ടോക്കോളടക്കമുള്ളകാര്യങ്ങള്‍ നല്ലാതാണെങ്കിലും ചിലകാര്യങ്ങള്‍ കുട്ടികള്‍ക്ക് ദോഷമാവുകയാണ്. പ്‌ളാസ്റ്റിക്ക് ബോട്ടിലില്‍ വെള്ളം കൊണ്ടുപോവാന്‍ കഴിയാതായതോടെ കുട്ടികളില്‍ പലരും ഏറെ ബുദ്ധിമുട്ടി. മുഖ്യവേദിയിലൊഴികെ മേക്കപ്പിന് മതിയായ സൗകര്യമില്ലാത്തതും പ്രശ്‌നമായി. കുടുസുപോലുള്ള മുറികളാണ് പല ഗ്രീന്‍ റൂമുകളും. രാത്രിയില്‍ ഗ്രീന്റൂമുകളില്‍ വെളിച്ചമില്ലാത്തതിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാവുന്നതും സ്ഥിരം കാഴ്ചയാണ്. മൊബൈല്‍ വെളിച്ചത്തിലാണ് പലരും മേക്കപ്പ് ചെയ്തത്. മത്സരങ്ങള്‍ എപ്പോഴും ആവേശകരമാണെങ്കിലും കടുത്ത പീഡനത്തിലൂടെയാണ് കുട്ടികള്‍ കടന്ന് പോകുന്നത്. സമയത്തിന് മത്സരങ്ങള്‍ നടത്തുക എന്നത് മാത്രമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള പോംവഴിയെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നാണ് അധികാരികള്‍ വ്യക്തമാക്കുന്നത്.

Related posts